മഞ്ചേരി: 25 ഏക്കറിലേറെ വരുന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തിലുള്ള ഏറ്റവും പഴയ പരിശീലന കേന്ദ്രം എ.എന്‍.ഐ കണ്ടുകെട്ടി. മഞ്ചേരിയില്‍ സ്ഥിതി ചെയ്യുന്ന ഗ്രീന്‍വാലിയാണ് കണ്ടുകെട്ടിയത്. കഴിഞ്ഞ മാര്‍ച്ചില്‍ നടപടികളെല്ലാം ആരംഭിച്ചിരുന്നുവെങ്കിലും ഒട്ടേറെ സ്ഥാപനങ്ങള്‍ കണ്ടുകെട്ടിയതിന് ശേഷമാണ് പ്രധാനകേന്ദ്രമായ ഗ്രീന്‍ വാലി കഴിഞ്ഞ ദിവസം കണ്ടുകെട്ടുന്നത്.
ഇത് പ്രധാന ആയുധപരിശീലന കേന്ദ്രമാണെന്നും പല കേസുകളിലും പെട്ട് വരുന്ന പ്രതികള്‍ക്ക് ഒളിവില്‍ കഴിയാന്‍ സൗകര്യം ഒരുക്കുന്ന പ്രധാന കേന്ദ്രമാണെന്നും എന്‍.ഐ.എ പറയുന്നു.
‘കൊലപാതകങ്ങള്‍ ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ ചെയ്ത പി.എഫ്.ഐ അംഗങ്ങള്‍ക്ക് അഭയം നല്‍കാനും ഈ സൗകര്യം ഉപയോഗിച്ചു.
പരിശീലനം ലഭിച്ച പ്രവര്‍ത്തകര്‍ക്കും കേഡര്‍മാര്‍ക്കും അംഗങ്ങള്‍ക്കും പി.എഫ്.ഐയുടെ തീവ്രമായ പ്രത്യയശാസ്ത്ര പരിശീലനം നല്‍കാന്‍ ഗ്രീന്‍വാലി കേന്ദ്രത്തെ ഉപയോഗിച്ചു. വിദ്യാഭ്യാസവും വ്യക്തിത്വ വികസന നൈപുണ്യവും നല്‍കുന്നതിന്റെ മറവില്‍ പി.എഫ്.ഐയുടെയും ഓഫീസുകള്‍ ഇവിടെ പ്രവര്‍ത്തിച്ചു.
സംഘടനയുടെ അംഗങ്ങളോ നേതാക്കളോ രൂപീകരിച്ച ചാരിറ്റബിള്‍, വിദ്യാഭ്യാസ ട്രസ്റ്റുകളുടെ മറവില്‍ പി.എഫ്.ഐ ഇത്തരം നിരവധി പരിശീലന കേന്ദ്രങ്ങള്‍ നടത്തുന്നുണ്ട്. തീവ്രവാദവും അക്രമവുമായി ബന്ധപ്പെട്ട പരിശീലന ക്യാമ്പുകളും പ്രവര്‍ത്തനങ്ങളും നടത്തുന്നതിന് പി.എഫ്.ഐ നിരവധി കെട്ടിടങ്ങള്‍ വാടകയ്ക്കെടുത്തിട്ടുണ്ടെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്,’ എന്‍.ഐ.എ പത്രക്കുറിപ്പില്‍ പറഞ്ഞു.