| Saturday, 2nd July 2022, 11:22 am

ഉദയ്പൂര്‍ കൊലപാതകികള്‍ക്ക് പാക്ക് ബന്ധം; തെളിവുകള്‍ ലഭിച്ചതായി എന്‍.ഐ.എ; പരാമര്‍ശം ബി.ജെ.പി ബന്ധമെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഉദയ്പൂര്‍ കൊലപാതകത്തിലെ പ്രതികള്‍ക്ക് പാക് ബന്ധമെന്ന് എന്‍.ഐ.എ റിപ്പോര്‍ട്ട്. കൊലപാതകികള്‍ക്ക് ബി.ജെ.പി ബന്ധമുണ്ടെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് പാക്കിസ്ഥാന്‍ ബന്ധം ആരോപിച്ച് കേന്ദ്ര ഏജന്‍സിയായ എന്‍.ഐ.എ രംഗത്തെത്തിയിരിക്കുന്നത്. നബി വിരുദ്ധ പരാമര്‍ശം നടത്തിയതിന് ശക്തമായി തിരിച്ചടിക്കണമെന്ന് പ്രതികള്‍ക്ക് നിര്‍ദേശം ലഭിച്ചതായും റിപ്പോര്‍ട്ടില്‍ എന്‍.ഐ.എ ആരോപിക്കുന്നുണ്ട്.

പാക്കിസ്ഥാനില്‍ നിന്ന് ചിലയാളുകളുടെ നിര്‍ദേശം പ്രതികള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികള്‍ കൃത്യം നടത്തിയതെന്നുമാണ് എന്‍.ഐ.എയുടെ വെളിപ്പെടുത്തല്‍. പാക്കിസ്ഥാന്‍ സ്വദേശിയായ സല്‍മാനാണ് കൊലപാതകത്തിന് ആഹ്വാനം നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ സല്‍മാനെ കണ്ടെത്തിയിട്ടില്ല.

ദിവസങ്ങള്‍ക്ക് മുമ്പ് സമാന ആരോപണങ്ങള്‍ എന്‍.ഐ.എ ഉന്നയിച്ചിരുന്നെങ്കിലും തെളിവുകളില്ല എന്നായിരുന്നു പിന്നീടുള്ള പ്രതികരണം. നബി വിരുദ്ധ പരാമര്‍ശം നടത്തിയവര്‍ക്കെതിരെ സമാധാനപരമായ റാലികള്‍ മാത്രം പോരെന്നും ശക്തമായി തിരിച്ചടിക്കണമെന്നും കലാപമുണ്ടാക്കണമെന്നും ഇവര്‍ക്ക് നിര്‍ദേശം ലഭിച്ചതായും എന്‍.ഐ.എ വ്യക്തമാക്കുന്നുണ്ട്.

ഭീകരസംഘടനകള്‍ക്ക് സമാനമായാണ് കൊലപാതകം നടത്തിയിരിക്കുന്നതെന്നും എന്‍.ഐ.എ ചൂണ്ടിക്കാട്ടി.

ഉദയ്പൂര്‍ കൊലപാതകത്തില്‍ പ്രതികളിലൊരാളായ റിയാസ് അട്ടാരിയ്ക്ക് ബി.ജെ.പിയുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്നതിന്റെ കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ഇന്ത്യാ ടുഡേ പുറത്ത് വിട്ടതിന് പിന്നാലെയാണ് എന്‍.ഐ.എയുടെ പരാമര്‍ശം. ബി.ജെ.പിയുമായി ബന്ധം തെളിയിക്കുന്ന ചിത്രങ്ങളും ഇന്ത്യാ ടുഡേ പങ്കുവെച്ചിരുന്നു.

‘റിയാസ് പലപ്പോഴും ബി.ജെ.പിയുടെ പരിപാടികളില്‍ പങ്കെടുക്കാറുണ്ട്. പ്രത്യേകിച്ച് ബി.ജെ.പി നേതാവ് ഗുലാബ് ചന്ദ് കടാരിയയുടെ പരിപാടികളില്‍ നിറസാന്നിധ്യമായിരുന്നു റിയാസ്. വിളിച്ചില്ലെങ്കിലും പലപ്പോഴും റിയാസിനെ പരിപാടികളില്‍ കാണാറുണ്ട്. പാര്‍ട്ടിയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ താത്പര്യമുണ്ടെന്ന് പലപ്പോഴും റിയാസ് വ്യക്തമാക്കിയിട്ടുമുണ്ട്, പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ സ്വയം സന്നദ്ധനായി എത്തുകയായിരുന്നു ഇയാള്‍,’
രാജസ്ഥാനിലെ ബി.ജെ.പി ന്യൂനപക്ഷ മോര്‍ച്ച അംഗമായ ഇര്‍ഷാദ് ചെയ്ന്‍വാല പറഞ്ഞു.

Content Highlight: NIA claims that the udaipur murder has links with pakistan

We use cookies to give you the best possible experience. Learn more