മുംബൈ: എല്‍ഗാര്‍ പരിഷദ് കേസില്‍ കലാസംഘമായ കബീര്‍ കലാമഞ്ചിനെതിരെ എന്‍.ഐ.എ കേസെടുത്തത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പാരഡി ഗാനം ആലപിച്ചതിന്.
ഗായകരായ സാഗര്‍ ഗോര്‍ഖേ, രമേഷ് ഗയ്‌ചോര്‍ തുടങ്ങിയവര്‍ മുംബൈ ഹൈക്കോടതിയില്‍ നല്‍കിയ പരാതിയില്‍ പ്രതികരിച്ചുകൊണ്ടാണ് ബോംബെ ഹൈക്കോടതിയില്‍ പാരഡി ഗാനത്തിന്റെ കാര്യം എന്‍.ഐ.എ ഉന്നയിച്ചത്.
പാരഡി ഗാനത്തില്‍ നരേന്ദ്രമോദിയേയും, ബി.ജെ.പി സര്‍ക്കാരിന്റെ ചില നയങ്ങളെയും വിമര്‍ശിച്ചുവെന്നാണ് എന്‍.ഐ.എ പറയുന്നത്.
കബീര്‍ കലാമഞ്ച് പാടിയ പാട്ടിന്റെ പരിഭാഷയുടെ കോപ്പിയും എന്‍.ഐ.എ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
രാജ്യത്ത് ഗോസംരക്ഷകരെന്ന പേരില്‍ അക്രമങ്ങള്‍ അഴിച്ചുവിടുന്ന ക്രിമിനലുകള്‍ക്കെതിരെയും പാട്ടില്‍ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. രാമക്ഷേത്രത്തിന് പിന്നിലെ ബി.ജെ.പിയുടെ രാഷ്ട്രീയ അജണ്ടയ്‌ക്കെതിരെയും മോദിയുടെ മന്‍കീ ബാത്തിനെതിരെയും പാട്ടില്‍ വിമര്‍ശനം ഉണ്ട്. മറാത്തി ഭാഷയിലാണ് ഗായകര്‍ പാട്ട് എഴുതിയിരുന്നത്.
ഭീമ കൊറേഗാവ് കേസിലെ മാവോവാദി ബന്ധത്തിന്റെ പേരില്‍ കബീര്‍ കലാമഞ്ചിന്റെ രണ്ട് സജീവ പ്രവര്‍ത്തകരെ ദേശീയ അന്വേഷണ ഏജന്‍സി നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.