| Monday, 16th April 2018, 7:02 pm

മക്ക മസ്ജിദ് സ്‌ഫോടനം: വിധി പ്രഖ്യാപിച്ച ജഡ്ജി രവിന്ദര്‍ റെഡ്ഡി രാജി വച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മക്ക മസ്ജിദ് സ്‌ഫോടനക്കേസില്‍ കേസില്‍ വിധി പറഞ്ഞ ജഡ്ജി രവീന്ദര്‍ റെഡ്ഡി രാജിവച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കാണ് സ്‌പെഷ്യല്‍ എന്‍.ഐ.എ കോടതി ജഡ്ജിയായ ഇദ്ദേഹം രാജി സമര്‍പ്പിച്ചത്.

മക്ക മസ്ജിദ് സ്‌ഫോടനവുമായി ബന്ധപ്പെട്ട കേസില്‍ സ്വാമി അസീമാനന്ദ ഉള്‍പ്പടെ അഞ്ചുപേരേയും കുറ്റവിമുക്തനാക്കി വിധി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് രാജി സമര്‍പ്പിച്ചിരിക്കുന്നത്.

ഇന്ന് ഉച്ചയ്ക്കാണ് 2007ലെ മക്ക മസ്ജിദ് സ്ഫോടനക്കേസിലെ മുഴുവന്‍ കുറ്റാരോപിതരെയും വെറുതെവിട്ടുകൊണ്ട് കോടതി ഉത്തരവ് പുറത്തുവന്നത്. 10 കുറ്റാരോപിതരില്‍ 5 പേരാണ് വിചാരണ നേരിട്ടത്. എന്‍.ഐ.എ കേസ് തെളിയിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നാണ് കോടതി പറഞ്ഞത്.


ALSO READ: കത്തുവ: കേസ് കാശ്മീരിന് പുറത്തേക്ക് മാറ്റണമെന്ന് പെണ്‍കുട്ടിയുടെ പിതാവ്; ഇന്ന് നടക്കാനിരുന്ന വിചാരണ മാറ്റി


സ്‌പെഷ്യല്‍ എന്‍.ഐ.എ കോടതിയാണ് വിധി പ്രസ്താവിച്ചത്. കഴിഞ്ഞ ആഴ്ച വിചാരണ പൂര്‍ത്തിയാക്കിയ കേസില്‍ വിധിപ്രസ്താവന ഇന്നേക്ക് മാറ്റി വയ്ക്കുകയായിരുന്നു.

2007 മെയ് 18 ലാണ് ഹൈദരാബാദിലെ പ്രമുഖ മുസ്‌ലിം ആരാധനാലയമായ മക്ക മസ്ജിദില്‍ ഹിന്ദുത്വ തീവ്രവാദികള്‍ സ്‌ഫോടനം നടത്തിയത്. വെള്ളിയാഴ്ച ജുമുഅക്ക് എത്തിയ ഒന്‍പത് പേരാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. 58 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. ലോക്കല്‍ പൊലീസിന്റെ അന്വേഷണത്തിന് ശേഷം കേസ് സി.ബി.ഐക്ക് കൈമാറിയിരുന്നു. പിന്നീടാണ് ദേശീയ അന്വേഷണ ഏജന്‍സി കേസ് ഏറ്റെടുത്തത്.


MUST READ: കര്‍ണാടകയില്‍ കോണ്‍ഗ്രസിനെതിരെ സീറ്റു കിട്ടാത്തവരുടെ പ്രതിഷേധം; പാര്‍ട്ടി ഓഫിസ് അടിച്ചു തകര്‍ത്തു


ഹിന്ദുത്വ സംഘടനകളിലുള്‍പ്പെട്ട 10 പേരെ കുറ്റാരോപിതരായി കേസെടുത്തെങ്കിലും അവരില്‍ അഞ്ച് പേര്‍ മാത്രമേ അറസ്റ്റ് ചെയ്യപ്പെടുകയും വിചാരണ നേരിടുകയും ചെയ്തിട്ടുള്ളൂ. സ്വാമി അസീമാനന്ദ എന്ന നബ കുമാര്‍ സര്‍ക്കാര്‍, ദേവേന്ദ്ര ഗുപ്ത, ലോകേഷ് ശര്‍മ, ഭരത് മോഹന്‍ലാല്‍ രതേശ്വര്‍ എന്ന ഭരത് ഭായി, രാജേന്ദ്ര ചൗധരി എന്നിവരെയാണ് അറസ്റ്റ് ചെയ്ത് വിചാരണയ്ക്ക് വിധേയമാക്കിയത്.

We use cookies to give you the best possible experience. Learn more