| Monday, 27th July 2020, 1:38 pm

എന്‍.ഐ.എയെ ഉപയോഗിച്ച് ബി.ജെ.പി?; മമതയുടെ പ്രഖ്യാപനത്തിന് പിന്നാലെ മുന്‍ മാവോയിസ്റ്റ് നേതാവിനെതിരെ 11 വര്‍ഷം മുമ്പുള്ള കേസില്‍ അന്വേഷണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റിയിലേക്ക് പരിഗണിച്ച ലാല്‍ഗഢ് പ്രക്ഷോഭത്തിന്റെ അമക്കാരനായിരുന്ന ആദിവാസി നേതാവ് ഛത്രാദര്‍ മഹതോയ്‌ക്കെതിരെ അന്വേഷണം ആരംഭിച്ച് കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എ. മുന്‍ മാവോയിസ്റ്റ് നേതാവാണ് ഇദ്ദേഹം. നേരത്തെ ഇദ്ദേഹത്തിനെതിരെ രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളിലാണ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്.

11 വര്‍ഷം മുമ്പത്തെ കേസുകളാണ് ഇത്. അഞ്ച് മാസം മുമ്പാണ് ഈ കേസുകള്‍ എന്‍.ഐ.എയ്ക്ക് കൈമാറിയത്. ഇദ്ദേഹത്തെ തെരഞ്ഞെടുപ്പ് മുഖമാക്കുമെന്ന് കഴിഞ്ഞ ദിവമാണ് മമത പ്രഖ്യാപിച്ചത്.

കേസിന്റെ അന്വേഷണം ഇപ്പോള്‍ നടത്താനുള്ള എന്‍.ഐ.എയുടെ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നാണ് മഹതോ പ്രതികരിച്ചിരിക്കുന്നത്. തനിക്കെതിരെ വ്യാജ പ്രചരണങ്ങള്‍ അഴിച്ചുവിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലോകസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വോട്ടുചെയ്ത ഒ.ബി.സി വിഭാഗങ്ങളെ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് തൃണമൂല്‍ മഹതോയെ കളത്തിലിറക്കാന്‍ തീരുമാനിച്ചത്.

ഒ.ബി.സിക്ക് വലിയ വോട്ടുബാങ്കുള്ള ജംഗിള്‍മഹാല്‍ മേഖലയില്‍നിന്നുള്ള നേതാവാണ് മഹതോ.

ലാല്‍ഗഢ് പ്രക്ഷോഭത്തിനിടെ സി.പി.ഐ.എം പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട പ്രതിയാണ് മഹതോ എന്നാണ് എന്‍.ഐ.എ പറയുന്നത്. രാജധാനി എക്‌സ്പ്രസ് ഹൈജാക്ക് ചെയ്ത് ലോക്കോ പൈലറ്റിനെ തട്ടിക്കൊണ്ടുപോയ കേസിലും മഹതോ പ്രതിയായിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more