റാഞ്ചി: മനുഷ്യാവകാശ പ്രവര്‍ത്തകനും കത്തോലിക്കാ പുരോഹിതനുമായ സ്റ്റാന്‍ സ്വാമിയെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു. വാറന്റ് ഇല്ലാതെയാണ് എന്‍.ഐ.എ 83 കാരനായ സ്റ്റാന്‍ സ്വാമിയെ അറസ്റ്റ് ചെയ്തത്.
ഭീമാ കൊറേഗാവ് കേസുമായി ബന്ധപ്പെട്ടാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഇതിന് മുന്‍പ് 15 മണിക്കൂറോളം തന്നെ എന്‍.ഐ.എ ചോദ്യം ചെയ്തിട്ടുണ്ടെന്ന് സ്റ്റാന്‍ സ്വാമി നേരത്തെ പറഞ്ഞിരുന്നു. മാവോവാദികളുമായി ബന്ധപ്പെട്ട വിവരങ്ങളാണ് തന്നോട് ചോദിച്ചതെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ട വീഡിയോയില്‍ സ്വാമി വ്യക്തമാക്കിയിട്ടുള്ളത്.
ഭീമാ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് 2018 ലും 2019 ലും ഇദ്ദേഹത്തിന്റെ വീട് എന്‍.ഐ.എ റെയ്ഡ് ചെയ്തിട്ടുണ്ട്.
ജാര്‍ഖണ്ഡില്‍ ആദിവാസികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശക്തമായി നിലകൊള്ളുന്ന ആളാണ് ഇദ്ദേഹം. എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ വളരെ മോശമായിട്ടാണ് ഇദ്ദേഹത്തോടെ പെരുമാറിയതെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു.
ഭീമാകൊറേഗാവിന്റെ പേരില്‍ നേരത്തെ ഇന്ത്യയിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകയായ സുധാ ഭരദ്വാജ്, മനുഷ്യാവകാശ പ്രവര്‍ത്തകരായ വെര്‍നോണ്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരേറിയ, റോണ വില്‍സണ്‍, സുധീര്‍ ധവാലെ, അഭിഭാഷകനായ സുരേന്ദ്ര ഗാഡ്‌ലിംഗ്, നാഗ്പൂര്‍ യൂണിവേഴ്സിറ്റിയിലെ ഇംഗ്ലീഷ് അധ്യാപികയായ ഷോമ സെന്‍, ഗവേഷകനും ആക്ടിവിസ്റ്റുമായ മഹേഷ് റൗത്ത്, കവിയും എഴുത്തുകാരനുമായ വരവരറാവു, ദളിത് ചിന്തകനും അക്കാദമിസ്റ്റുമായ ആനന്ദ് തെല്‍തുംദെ, പത്രപ്രവര്‍ത്തകനായ ഗൗതം നവലാഖ്, ദല്‍ഹി സര്‍വകലാശാലയിലെ അധ്യാപകനായ ഹാനി ബാബു, കലാപ്രവര്‍ത്തകരായ സാഗര്‍ ഗോര്‍ഖെ, രമേഷ് ഗായ്ചോര്‍, ജ്യോതി ജഗ്തപ് തുടങ്ങിയവരെയെല്ലാം വിവിധ ഘട്ടങ്ങളിലായി വിവിധ സ്ഥലങ്ങളില്‍ വെച്ച് അറസ്റ്റ് ചെയ്തിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക