| Friday, 25th October 2024, 2:07 pm

മൂസ്‌വാല കൊലപാതകം; ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരനെ പിടികൂടിയാൽ 10 ലക്ഷം പാരിതോഷികം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ജയിലിൽ കഴിയുന്ന ഗുണ്ടാസംഘം ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരൻ അൻമോൽ ബിഷ്‌ണോയിയെ പിടികൂടുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ദേശീയ അന്വേഷണ ഏജൻസി.

2022ൽ രജിസ്റ്റർ ചെയ്ത രണ്ട് എൻ.ഐ.എ കേസുകളിൽ അൻമോലിനെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു. എന്നാൽ അൻമോൽ വ്യാജ പാസ്‌പോർട്ടിൽ ഇന്ത്യയിലേക്ക് കടന്നതായി അന്വേഷണത്തിൽ കണ്ടെത്തി. ഏപ്രിലിൽ നടൻ സൽമാൻ ഖാൻ്റെ വീടിന് പുറത്ത് നടന്ന വെടിവെപ്പിൻ്റെ ഉത്തരവാദിത്തം അൻമോൽ ഫേസ്ബുക്കിലൂടെ ഏറ്റെടുത്തിരുന്നു.

2022 മെയ് 29 ന് പഞ്ചാബി ഗായകൻ സിദ്ധു മൂസ്‌വാലയെ കൊലപ്പെടുത്തിയ പ്രതിക്ക് ആയുധങ്ങളും ലോജിസ്റ്റിക് പിന്തുണയും അൻമോൽ നൽകിയെന്നായിരുന്നു ആരോപണം. കൊള്ളയടിക്കൽ ഉൾപ്പെടെ 18 കേസുകൾ അൻമോലിനെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കഴിഞ്ഞ വർഷം കേന്ദ്ര ആഭ്യന്തര മന്ത്രാലയം തയ്യാറാക്കിയ കുപ്രസിദ്ധ ഗുണ്ടാസംഘങ്ങളുടെ പട്ടികയിൽ അൻമോലും ഉണ്ടായിരുന്നു. 2023ൽ ലോറൻസ്, അൻമോൽ എന്നിവരുൾപ്പെടെ 14 പേർക്കെതിരെ എൻ.ഐ.എ കുറ്റപത്രം സമർപ്പിച്ചിരുന്നു. പിന്നാലെയാണ് അൻമോലിനെക്കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചത്.

പാകിസ്ഥാനിലെ ഗൂഢാലോചനക്കാരുമായി ബന്ധമുണ്ടെന്നതിന് പുറമേ, പ്രതികൾക്ക് കാനഡ, നേപ്പാൾ, മറ്റ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള ഖാലിസ്ഥാൻ അനുകൂല വ്യക്തികളുമായും ബന്ധമുണ്ടായിരുന്നു എന്ന് എൻ.ഐ.എ കുറ്റപത്രത്തിൽ പറയുന്നുണ്ട്. അൻമോലിന്റെ സഹോദരൻ ലോറൻസ് ബിഷ്‌ണോയി ഇപ്പോൾ ഗുജറാത്തിലെ സബർമതി ജയിലിൽ ആണ് ഉള്ളത്.

2022 മെയ് 29 ന് അജ്ഞാതരായ അക്രമികൾ മൂസ്‌വാലയെ വെടിവച്ച് കൊല്ലുകയായിരുന്നു. കാനഡ ആസ്ഥാനമായുള്ള ഗോൾഡി ബ്രാർ എന്ന ഗുണ്ടാസംഘവും ലോറൻസ് ബിഷ്‌ണോയി സംഘത്തിലെ അംഗങ്ങളും കൊലപാതകത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.

Content Highlight: NIA announces Rs 10 lakh reward on Lawrence Bishnoi’s brother Anmol, linked to Moosewala murder

We use cookies to give you the best possible experience. Learn more