കാസര്‍കോട് ഐ.എസ് കേസ്; ഹബീബ് റഹ്മാന്‍ മറ്റു പ്രതികളുമായി ചേര്‍ന്ന് ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്ന് എന്‍.ഐ.എ
Kerala News
കാസര്‍കോട് ഐ.എസ് കേസ്; ഹബീബ് റഹ്മാന്‍ മറ്റു പ്രതികളുമായി ചേര്‍ന്ന് ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്ന് എന്‍.ഐ.എ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 27th December 2018, 10:26 am

 

ന്യൂദല്‍ഹി: കാസര്‍കോട് ഐ.എസ് റിക്രൂട്ട്‌മെന്റ് കേസില്‍ എന്‍.ഐ.എ അറസ്റ്റു ചെയ്ത വയനാട് സ്വദേശി ഹബീബ് റഹ്മാന്‍ മറ്റു പ്രതികളുമായി ചേര്‍ന്ന് ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്ന് എന്‍.ഐ.എ. കഴിഞ്ഞദിവസം കല്‍പ്പറ്റയില്‍ നിന്നാണ് ഹബീബിനെ പൊലീസ് അറസ്റ്റു ചെയ്തത്.

ഐ.എസില്‍ ചേരുകയെന്ന ലക്ഷ്യവുമായാണ് ഹബീബ് ഇറാനിലേക്ക് പോയത്. മസ്‌കറ്റ്, ഒമാന്‍ വഴിയാണ് ഹബീബ് ഉള്‍പ്പെടെയുള്ള സംഘം ഇറാനിലേക്ക് പോയത്. സമൂഹമാധ്യമങ്ങളിലൂടെ പ്രതികള്‍ പരസ്പരം ബന്ധപ്പെട്ടിരുന്നെന്നും എന്‍.ഐ.എ പറയുന്നു.

Also read:രാഷ്ട്രപതിയുടെ അംഗരക്ഷകനാകാന്‍ മൂന്ന് ജാതിയിലുള്ളവര്‍ക്ക് മാത്രം പരിഗണന; കേന്ദ്രസര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് ദല്‍ഹി ഹൈക്കോടതി

കേസില്‍ പതിനേഴാം പ്രതിയാണ് ഹബീബ് റഹ്മാന്‍. കാസര്‍കോട് സ്വദേശികളെ അടക്കം ഐ.എസ് തീവ്രവാദ സംഘടനയിലേക്ക് കടത്തിയ ഗൂഢാലോചനയില്‍ ഹബീബ് പങ്കാളിയാണെന്നാണ് എന്‍.ഐ.എ ആരോപിക്കുന്നത്. നിരവധി പേരെ ഇനിയും പിടികൂടാനുണ്ടെന്നാണ് എന്‍.ഐ.എ പറയുന്നത്.

അതിനിടെ, ഹബീബിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കൊച്ചിയിലെ എന്‍.ഐ.എ പ്രത്യേക കോടതിയിലാണ് ഹാജരാക്കുക. കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനുള്‍പ്പെടെയുള്ള നടപടികളുമായി മുന്നോട്ടുപോകാനാണ് എന്‍.ഐ.എ തീരുമാനം.

കാസര്‍കോട് നിരവധി പേരെ ദുരൂഹസാഹചര്യത്തില്‍ കാണാതായ സാഹചര്യത്തിലാണ് എന്‍.ഐ.എ ഇതുസംബന്ധിച്ച് അന്വേഷണം നടത്തിയത്.