ന്യൂദല്‍ഹി: ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ ലൈംഗികമായി ആക്രമിച്ച കേസിലെ എല്ലാ പ്രതികളെയും പൊലീസ് വെടിവെച്ചു കൊന്ന സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ഏറ്റുമുട്ടല്‍ ആശങ്കയുണ്ടാക്കുന്നതാണെന്നും ജാഗ്രതയോടെ അന്വേഷിക്കണമെന്നും കമ്മീഷന്‍ പറഞ്ഞു.
വസ്തുതാന്വേഷണത്തിനും സ്ഥലപരിശോധനയ്ക്കുമായി എത്രയും വേഗം അന്വേഷണ സംഘങ്ങളെ അയക്കണമെന്ന് ഡയറക്ടര്‍ ജനറലിനോട് (ഇന്‍വെസ്റ്റിഗേഷന്‍) പറഞ്ഞിട്ടുള്ളതായി കമ്മീഷന്‍ വ്യക്തമാക്കി. മുതിര്‍ന്ന പൊലീസ് സുപ്രണ്ടായിരിക്കും അന്വേഷണ സംഘത്തിന്റെ തലവന്‍. ഇവര്‍ ഉടന്‍തന്നെ ഹൈദരാബാദിലേക്കു തിരിക്കുമെന്നും റിപ്പോര്‍ട്ട് അതിവേഗം സമര്‍പ്പിക്കുമെന്നും കമ്മീഷന്‍ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.
‘പൊലീസ് സേന കൃത്യമായി തയ്യാറെടുപ്പ് നടത്തിയിരുന്നില്ല. സംഭവസ്ഥലത്തു വെച്ച് പ്രതികള്‍ നടത്തുന്ന ഇത്തരം പ്രവൃത്തികളെ നേരിടാന്‍ അവര്‍ തയ്യാറായിരുന്നില്ല. ഇതാണു നാലുപേരുടെയും മരണത്തില്‍ കലാശിച്ചത്. അറസ്റ്റിലായവര്‍ യഥാര്‍ഥത്തില്‍ കുറ്റവാളികളാണെങ്കില്‍ അവരെ നിയമപ്രകാരമാണു ശിക്ഷിക്കേണ്ടത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഇത്തരം സാഹചര്യങ്ങളില്‍ എങ്ങനെയാണു പ്രവര്‍ത്തിക്കേണ്ടത് എന്നതിനെ സംബന്ധിച്ചു കൃത്യമായ നടപടിക്രമങ്ങള്‍ പൊലീസിനില്ല. പ്രതികളെ അറസ്റ്റ് ചെയ്യുകയോ കസ്റ്റഡിയിലെടുക്കുകയോ ചെയ്യുമ്പോള്‍ അവരുടെ ഭാഗത്തു നിന്നു മനുഷ്യാവകാശത്തെക്കുറിച്ച് ചിന്തിക്കണമെന്ന് കമ്മീഷന്‍ നേരത്തേതന്നെ പറഞ്ഞിട്ടുള്ളതാണ്.