| Friday, 5th November 2021, 11:01 am

വര്‍ഗീയ സംഘര്‍ഷമില്ലെന്ന ത്രിപുര സര്‍ക്കാറിന്റെ വാദം പൊളിയുന്നു; ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ ഉടനടി റിപ്പോര്‍ട്ട് വേണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഗര്‍ത്തല: ത്രിപുരയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി.

ത്രിപുര ചീഫ് സെക്രട്ടറി കുമാര്‍ അലോകിനും പൊലീസ് ഡയറക്ടര്‍ ജനറല്‍ വി.എസ്. യാദവിനും ഇത് സംബന്ധിച്ച് എന്‍.എച്ച്.ആര്‍.സി കത്തുനല്‍കി. നാലാഴ്ചയ്ക്കുള്ളില്‍ നടപടിയുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് വര്‍ഗീയ സംഘര്‍ഷമില്ലെന്ന് ത്രിപുര സര്‍ക്കാര്‍ ആവര്‍ക്കുന്നതിനിടെയാണ് എന്‍.എച്ച്.ആര്‍.സി കത്ത്് നല്‍കിയത്.

വിവാരവകാശ പ്രവര്‍ത്തകന്‍ സാകേത് ഗോഖലെ എന്‍.എച്ച്.ആര്‍.സിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് എന്‍.എച്ച്.ആര്‍.സിയുടെ നടപടി.

മതന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ക്കെതിരെ തുടര്‍ച്ചയായി അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടും സംസ്ഥാന സര്‍ക്കാര്‍ ശരിയായ നടപടി സ്വീകരിച്ചില്ലെന്ന് ഗോഖലെയുടെ പരാതിയില്‍ പറയുന്നു.

വടക്കന്‍ ത്രിപുരയില്‍ വിശ്വഹിന്ദു പരിഷത്ത് നടത്തിയ റാലിയില്‍ പള്ളികള്‍ തകര്‍ക്കുകയും കടകള്‍ കത്തിക്കുകയും ചെയ്‌തെന്ന് പരാതിയില്‍ പറയുന്നു.

അതേസമയം, മുസ്‌ലിങ്ങള്‍ക്കെതിരെ ത്രിപുരയില്‍ നടന്ന ആക്രമണത്തില് പൊലീസ് നിഷ്‌ക്രിയമായാണ് പ്രവര്‍ത്തിച്ചതെന്ന് ആരോപിച്ച രണ്ട് അഭിഭാഷകര്‍ക്കെതിരെ പൊലീസ് യു.എ.പി.എ ചുമത്തിയിരുന്നു.

സംഭവത്തില്‍ വസ്തുതാന്വേഷണം നടത്തിയ അഭിഭാഷകര്‍ക്കെതിരെയാണ് യു.എ.പി.എ പ്രകാരം കേസെടുത്തത്.

പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസിന്റെ (പി.യു.സി.എല്‍) ദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഭിഭാഷകന്‍ മുകേഷ്, നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍സിന്റെ (എന്‍.സി.എച്ച്.ആര്‍.ഒ) അഭിഭാഷകനായ അന്‍സാര്‍ ഇന്‍ഡോറി എന്നിവര്‍ക്കെതിരെയാണ് ത്രിപുര പൊലീസ് കേസെടുത്തത്.

അക്രമം തടയാന്‍ ത്രിപുര സര്‍ക്കാരും സംസ്ഥാന പൊലീസും സമയബന്ധിതമായി നടപടിയെടുത്തില്ലെന്നും അക്രമത്തെ സ്പോണ്‍സര്‍ ചെയ്യുന്നതിന് തുല്യമാണെന്നും അഭിഭാഷകര്‍ തങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ചൊവ്വാഴ്ചയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ഇതിന് പിന്നാലെയാണ് നവംബര്‍ 10നകം വെസ്റ്റ് അഗര്‍ത്തല പൊലിസ് സ്റ്റേഷനില്‍ ഹാജരാവാനും സാമൂഹിക മാധ്യമങ്ങളില്‍ നടത്തിയ ‘കെട്ടിച്ചമച്ചതും തെറ്റായതുമായ’ പ്രസ്താവനകള്‍ നീക്കം ചെയ്യണമെന്നും അറിയിച്ച് അഭിഭാഷകര്‍ക്ക് നോട്ടീസ് ലഭിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

\

Content Highlights: NHRC seeks report from Tripura after TMC files complaint of violence against minorities

We use cookies to give you the best possible experience. Learn more