ന്യൂദല്‍ഹി: കര്‍ഷക ആത്മഹത്യകളെ തുടര്‍ന്ന് ഒഡീഷ സര്‍ക്കാരിന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ് അയച്ചു. മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കമ്മീഷന്‍ നോട്ടീസ് അയച്ചത്.
ഒഡീഷയിലെ ബാര്‍ഗ്ര ജില്ലയില്‍ 12 ദിവസത്തിനിടയില്‍ 50 കര്‍ഷകര്‍ ആത്മഹത്യ ചെയ്തത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആത്മഹത്യകളില്‍ ആശങ്ക പ്രകടിപ്പിച്ച മനുഷ്യാവകാശ കമ്മീഷന്‍ വിഷയം ഗൗരവമായി കാണണമെന്നും
സംസ്ഥാനത്തോട് ആവശ്യപ്പെട്ടു.
ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് ധനസഹായമുള്‍പ്പടെയുള്ള പുനരധിവാസം ഒരുക്കി നാല് ആഴ്ച്ചക്കകം വിശദമായ റിപ്പോര്‍ട്ട് നല്‍കാനും സംസ്ഥാന ചീഫ് സെക്രട്ടറിയോട് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
രാജ്യത്ത് കര്‍ഷകര്‍ ദുരിതത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുന്നതായി കമ്മീഷന്‍ ചൂണ്ടിക്കാട്ടി. ആത്മഹത്യകളില്‍ നിന്നും കര്‍ഷകരെ തടയുന്നതിന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.