| Friday, 11th May 2018, 11:01 pm

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ജയിലിലടച്ച സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ യു.പി സര്‍ക്കാരിനോട് വിശദീകരണം തേടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കന്നുകാലിക്കശാപ്പ് നടത്തിയെന്നാരോപിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ജയിലിലടച്ച സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ (എന്‍.എച്ച്.ആര്‍.സി) വിശദീകരണം തേടി. ചീഫ് സെക്രട്ടറിയോടും ഡി.ജി.പി.യോടും നാല് ആഴ്ചകള്‍ക്കുള്ളില്‍ വിശദീകരണം നല്‍കാനാണ് എന്‍.എച്ച്.ആര്‍.സി ആവശ്യപ്പെട്ടിരിക്കുന്നത്.

2017 ഡിസംബറിലാണ് മുസാഫിര്‍നഗറില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് സഹോദരിമാരേയും അവരുടെ അച്ഛനമ്മമാരുള്‍പ്പടെ ഏഴ് പേരെയും കന്നുകാലിക്കശാപ്പ് നടത്തിയെന്നാരോപിച്ച് ജയിലിലടച്ചത്. സംഭവത്തെക്കുറിച്ച് ഏപ്രില്‍ 10ലെ ഒരു വാര്‍ത്തയിലൂടെയാണ് മനുഷ്യാവകാശ കമ്മീഷന്‍ വിവരം അറിഞ്ഞത്.


Also Read: വരാപ്പുഴ കസ്റ്റഡി മരണം; എസ്.പി എ.വി ജോര്‍ജിന് സസ്‌പെന്‍ഷന്‍; വകുപ്പ് തല അന്വേഷണത്തിനും ഉത്തരവ്


ഇതേതുടര്‍ന്നാണ് മനുഷ്യാവകാശ കമ്മീഷന്‍ സര്‍ക്കാരിന് നോട്ടീസ് നല്‍കിയത്. സംഭവം സത്യമാണെങ്കില്‍ മനുഷ്യാവകാശ ലംഘനത്തിന് നടപടിയെടുക്കണമെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു.

പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളേയും ജുവനൈല്‍ ഹോമിലേക്കയക്കുന്നതിന് പകരം ഖതൗലിയിലെ ജയിലിലടക്കുകയായിരുന്നു. 12ഉം 16ഉം പ്രായമായ പെണ്‍കുട്ടികളുടെ ശാരീരിക വളര്‍ച്ചയെ കണക്കിലെടുത്ത് തിരിച്ചറിയല്‍ രേഖകളിലെ വിവരങ്ങളൊന്നും ഗൗനിക്കാതെയാണ് പൊലീസ് ഇത്തരത്തിലൊരു നടപടി കൈക്കൊണ്ടിരിക്കുന്നതെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അഭിപ്രായപ്പെട്ടു. പെണ്‍കുട്ടികള്‍ ഇപ്പോഴും ജയിലില്‍ തുടരുകയാണ്.


Watch DoolNews Video:

We use cookies to give you the best possible experience. Learn more