ന്യൂദല്‍ഹി: മണിപ്പൂരില്‍ കുകി വനിതകളെ ബലാത്സംഗം ചെയ്ത് നഗ്നരാക്കി നടത്തിയ സംഭവത്തില്‍
മണിപ്പൂര്‍ സര്‍ക്കാരിനും സംസ്ഥാന പൊലീസ് മേധാവിക്കും നോട്ടീസയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. വിഷയത്തില്‍ ഇതുവരെയെടുത്ത നടിപടികള്‍ അറിയിക്കാനും കമ്മീഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
‘മെയ് നാലിന് മണിപ്പൂരിലെ കാങ്‌പോക്പി ജില്ലയിലെ ഫൈനോം ഗ്രാമത്തില്‍ വെച്ച് ഒരു ആദിവാസി കുടുംബത്തിലെ അഞ്ച് പേരെ ജനക്കൂട്ടം പൊലീസ് കസ്റ്റഡിയില്‍ നിന്ന് കൊണ്ടുപോയ സംഭവത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്.
ഈ ആള്‍ക്കൂട്ടം രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തി. ഒരാളെ കൂട്ടബലാത്സംഗം ചെയ്തു. ഇവരെ രക്ഷിക്കാന്‍ ശ്രമിച്ച കുടുംബത്തിലെ രണ്ട് പുരുഷന്മാരെ വധിച്ചു. സ്ത്രീകള്‍ക്കും സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്കും എതിരെ നടക്കുന്ന ഇത്തരം ക്രൂരമായ അക്രമങ്ങള്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ അറിയിക്കണം,’ മനുഷ്യാവകാശ കമ്മീഷന്‍ പറഞ്ഞു.
നാല് ആഴ്ചക്കുള്ളില്‍ സംഭവത്തിന്റെ വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കമ്മീഷന്‍ ആവശ്യപ്പെട്ടത്.
‘സംഭവവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസിന്റെ എഫ്.ഐ.ആര്‍, അന്വേഷണത്തിന്റെ നിലവിലെ അവസ്ഥ, രണ്ട് കുകി വനിതകളുടെയും പരിക്കേറ്റവരുടെയും ആരോഗ്യസ്ഥിതി, ദുരിത ബാധിതകര്‍ക്കും കുടുംബാംഗങ്ങള്‍ക്കും നല്‍കിയ നഷ്ടപരിഹാരം തുടങ്ങിയ കാര്യങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തണം,’ പ്രസ്താവനയില്‍ പറയുന്നു.
മിസോറാം വനിതാ സംഘടനയായ മിസോ മെയ്‌ച്ചെ ഇന്‍സുയ്ഖാം പൗള്‍ (Mizo Hmeichhe Insuihkhawm Pawl- MHIP) അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കൊണ്ട് മനുഷ്യാവകാശ കമ്മീഷന് കത്ത് അയച്ചിരുന്നു.
സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്. മണിപ്പൂരിലെ വീഡിയോ ഞെട്ടിക്കുന്നതാണെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ പറഞ്ഞു. ഇരകളുടെ സ്വകാര്യത പരസ്യമാക്കുന്ന വീഡിയോകള്‍ പ്രചരിപ്പിക്കാന്‍ അനുവദിച്ച ട്വീറ്ററിന് നോട്ടീസയച്ചെന്നും അവര്‍ പറഞ്ഞു.
അക്രമികള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സുപ്രീം കോടതിയും കേന്ദ്ര സര്‍ക്കാരിനും മണിപ്പൂര്‍ സര്‍ക്കാരിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം സംഭവത്തില്‍ നാല് പ്രതികള്‍ അറസ്റ്റിലായി. മുഖ്യപ്രതി ഹെരാദാസിനെ (32) തൗബലില്‍ നിന്ന് ഇന്നലെ രാവിലെ അറസ്റ്റ് ചെയ്തിരുന്നു. മെയ് നാലിന് നടന്ന സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് അറസ്റ്റ്.
വീഡിയോ പുറത്ത് വന്നതിന് പിന്നാലെ രാജ്യവ്യാപകമായ പ്രതിഷേധമാണ് നടക്കുന്നത്.
content highlights: NHRC issued nottice to manipur government