ന്യൂദല്‍ഹി: ഏറ്റുമുട്ടല്‍ കൊലപാതകങ്ങളെ പ്രോത്സാഹിപ്പിച്ച യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും സര്‍ക്കാരിനും മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്. ആറാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നാവശ്യപ്പെട്ട് യു.പി ചീഫ് സെക്രട്ടറിക്കാണ് കമ്മീഷന്‍ നോട്ടീസ് നല്‍കിയത്.
ക്രമസമാധാന നില തകര്‍ന്നാല്‍ പോലും സര്‍ക്കാരിന് ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ നടത്താനാകില്ലെന്നും ക്രിമിനല്‍ ആരോപണത്തിന്റെ പേരില്‍ നടക്കുന്ന “എക്‌സ്ട്രാ ജുഡീഷ്യല്‍” കൊലപാതകങ്ങളെ ന്യായീകരിക്കുന്നതാകുമെന്നും കമ്മീഷന്‍ പറഞ്ഞു.
ഏറ്റമുട്ടല്‍ കൊലപാതകങ്ങളെ പ്രോത്സാഹിപ്പിക്കുന്ന യു.പി സര്‍ക്കാരിന്റെ നടപടികളെ കുറിച്ചുള്ള മാധ്യമവാര്‍ത്തകള്‍ അടിസ്ഥാനമാക്കിയാണ് നടപടിയെന്നും കമ്മീഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.
ആളുകള്‍ക്കിടയില്‍ പേടി വളര്‍ത്തുന്നത് നല്ലതാവില്ലെന്നും കമ്മീഷന്‍ പറയുന്നു.
ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് ഒക്ടോബര്‍ 5വരെ ആറുമാസത്തിനിടെ 433 ഏറ്റമുട്ടലുകള്‍ യു.പിയില്‍ നടന്നിട്ടുണ്ടെന്നാണ്. ഇതില്‍ 19 പേര്‍ കൊല്ലപ്പെടുകയും 89 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
ഏറ്റമുട്ടല്‍ കൊലപാതകങ്ങള്‍ വര്‍ധിക്കുന്നത് ക്രമസമാധാനം വര്‍ധിച്ചതിന്റെ തെളിവാണെന്നും നേട്ടമാണെന്നുമാണ് യു.പി സര്‍ക്കാരിന്റെ നിലപാട്. യു.പിയിലെ ക്രിമനലുകളെ ജയിലുകളില്‍ അടക്കുകയോ ഏറ്റുമുട്ടലുകളില്‍ വധിക്കുകയോ ചെയ്യുമെന്നും ആദിത്യനാഥ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.