| Monday, 7th October 2019, 10:38 pm

'ഞങ്ങളുടെ ജീവിതമാണ്, ആ വഴി അടയ്ക്കരുത്'; ദേശീയപാത 766-ലെ യാത്രാനിരോധനത്തിൽ വയനാട്ടുകാർക്ക് മാത്രമല്ല പ്രതിഷേധം

ഹരിമോഹന്‍

സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് കര്‍ണാടകയിലെ ഒരു സ്വകാര്യ ബസിലാണ് ഗുണ്ടല്‍പേട്ടിലേക്ക് യാത്ര തിരിച്ചത്. വിരലിലെണ്ണാവുന്ന യാത്രക്കാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും അതില്‍ ഒരാളൊഴികെ ഡ്രൈവറും കണ്ടക്ടറും അടക്കം ബാക്കിയെല്ലാവരും കര്‍ണാടക സ്വദേശികളായിരുന്നു.

ബത്തേരിയില്‍ വയനാട്ടുകാരെല്ലാം ഒത്തുചേരുമ്പോള്‍ അയല്‍സംസ്ഥാനക്കാര്‍ക്കു പറയാനുള്ളതു നമുക്കു കേള്‍ക്കാം. ഭാഷ പൂര്‍ണ്ണമായി മനസ്സിലാവില്ലെങ്കില്‍പ്പോലും അവരുടെ വാക്കുകളില്‍ നിറഞ്ഞുനില്‍ക്കുന്ന വികാരത്തില്‍നിന്ന് കാര്യങ്ങള്‍ മനസ്സിലാക്കാനാവുന്നതേയുള്ളൂ.

ഇതാണ് ഇവര്‍ക്കെല്ലാം ഒരേ സ്വരത്തില്‍ പറയാനുള്ളത്. ഇത് വെറും യാത്ര സൗകര്യം കിട്ടാനുള്ള സമരമല്ല. മറിച്ച് ജീവിക്കാനുള്ള സമരമാണ്. അതറിയാന്‍ കുറച്ചുകാലം പിന്നോട്ടുപോകണം.

വയനാട് കുറേക്കാലമായി വരൾച്ചയുടെ പിടിയിലാണ്. കുരുമുളകടക്കമുള്ള കൃഷി ഏതാണ്ട് ഇല്ലാതായി. അതിനു വയനാട്ടിലെ കർഷകർ കണ്ടുപിടിച്ച സ്‌ഥലമാണ്‌ ഗുണ്ടൽപേട്ട്. അവിടെ അവർ കുറച്ചുകാലമായി ഇഞ്ചിയും വാഴയും പൂക്കളുമൊക്കെ കൃഷി ചെയ്യുന്നു. ഇങ്ങനെയുള്ള ഏഴായിരത്തോളം കൃഷിക്കാർ ഉണ്ട്.

ഇപ്പോള്‍ നമ്മള്‍ മുന്നില്‍ക്കാണുന്ന ഈ വഴിയാണ് ദേശീയപാത 766. ഇതുവഴി സുൽത്താൻ ബത്തേരിയിൽനിന്നും ബന്ദിപ്പൂർ വനമേഖലയില്‍ക്കൂടി ഗുണ്ടല്പേട്ടയിലേക്കുള്ള ദൂരം 55 കിലോമീറ്റർ ആണ്. ഈ റോഡിൽ ഇപ്പോൾ രാത്രിയാത്രാ നിരോധനം ഉണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഈ റോഡ് 24 മണിക്കൂറും അടച്ചിടാൻ ഉള്ള സാധ്യത ആരാഞ്ഞ് സുപ്രീം കോടതി കേന്ദ്രസർക്കാരിന് നിർദ്ദേശം നൽകിയതോടെയാണ്‌ വയനാട്ടിൽ സമരം പൊട്ടിപ്പുറപ്പെട്ടത്. ഇനി ഈ വഴി പൂര്‍ണമായും അടച്ചിടാനാണ് തീരുമാനമെങ്കില്‍ ഗോണിക്കുപ്പ, കുട്ട വഴിയുള്ള പകരം റോഡിൽ കൂടി ഗുണ്ടല്പേട്ടിൽ എത്തണമെങ്കിൽ 255 കി മീ സഞ്ചരിക്കണം. പോയി വന്നു കൃഷി നടക്കില്ല.

സ്വാഭാവികമായും യാത്ര ദുഷ്കരമാകുമ്പോള്‍ പലരും കൃഷി നിര്‍ത്തും. അതുകൊണ്ടുതന്നെ ആ റോഡ് പൂർണ്ണമായി അടയ്ക്കുക എന്നാൽ വയനാട്ടിലെ കർഷകരെ ആത്മഹത്യയിലേക്കു തള്ളിവിടുന്നതിനു തുല്യമായിരിക്കും.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മാത്രമല്ല, ബെംഗളൂരു മേഖലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിലേക്ക് എത്താനും ഇത് തടസ്സമുണ്ടാക്കും. വയനാടിന്റെ ടൂറിസം സാധ്യതകളെയും ബാധിക്കും. വ്യാപാരമേഖലയ്ക്കും ഇത് കനത്ത തിരിച്ചടിയാകും. ഇത് തിരിച്ചറിഞ്ഞ് കോടതിയും കേരള, കര്‍ണാടക സര്‍ക്കാരുകളും പ്രവര്‍ത്തിച്ചില്ലെങ്കില്‍ അതു വലിയ വിനാശത്തിലേക്കു കാര്യങ്ങളെത്തിക്കും.

ഹരിമോഹന്‍

മാധ്യമപ്രവര്‍ത്തകന്‍

Also Read