| Friday, 31st May 2013, 12:00 am

എന്‍.എച്ച് 17 സ്ഥലമെടുപ്പ് അടിയന്തരാവസ്ഥയെ ഓര്‍മിപ്പിക്കുന്നു: സമരസമിതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]തൃശൂര്‍: എന്‍.എച്ച് 17 ദേശീയപാത വികസനത്തിന്റെ പേരില്‍ നടക്കുന്ന കാര്യങ്ങള്‍ അടിയന്തരാവസ്ഥയെ ഓര്‍മിപ്പിക്കുന്നതാണെമന്ന് സംയുക്ത സമരസമിതി.

റോഡ് വികസനിത്തിന്റെ പേരില്‍ കച്ചവടക്കാരെയും ജനങ്ങളേയും കുടിയിറക്കുന്നത് അടിയന്തരാവസ്ഥയിലെ തുര്‍ക്കുമാന്‍ ഗേറ്റ് നിരത്തിയതിനെയാണ് ഓര്‍മിപ്പിക്കുന്നതെന്ന് സമരസമിതി പറഞ്ഞു.[]

പോലീസിനെ മുന്നില്‍ നിര്‍ത്തി സബ് കലക്ടറുടേയും റവന്യൂ ഉദ്യോഗസ്ഥരുടേയും നേതൃത്വത്തില്‍ നടക്കുന്ന സ്ഥലമെടുപ്പ് അനീതിയാണെന്നും ഇത് തടയാന്‍ ശ്രമിച്ച സമരസമിതി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് പീഡിപ്പിക്കുകയാണെന്നും സമരസമിതി പ്രവര്‍ത്തകര്‍ പറഞ്ഞു.

അളവെടുപ്പിനെ എതിര്‍ത്ത സമരക്കാരെ അറസ്റ്റ് ചെയ്യുകയും അവര്‍ക്കെതിരെ  കേസ് ചാര്‍ജ് ചെയ്യുകയും ചെയ്തത് സമരത്തില്‍ നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും സമരക്കാര്‍ ആരോപിച്ചു.

ടി.എല്‍ സന്തോഷ്, ടി.ആര്‍ രമേശ്, രാജേഷ് അപ്പാട്ട്, കെ.ജി സുരേന്ദ്രന്‍, കെ.വി സനല്‍, പ്രദീപന്‍, തമ്പി കളത്തില്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ മൂന്ന് കേസ് വീതം ചാര്‍ജ് ചെയ്തിട്ടുണ്ട്.

ഇതില്‍ സമരസമിതി ചെയര്‍മാനായ ടി.എല്‍ സന്തോഷിനെ കഴിഞ്ഞ ദിവസം വീണ്ടും കരുതല്‍ തടങ്കലില്‍ വെച്ചിരുന്നു. നാട്ടിക മേഖല സി.പി.എം സെക്രട്ടറി കൂടിയായ ടി.എല്‍ സന്തോഷിനെ വ്യാഴായ്ച്ച രാവിലെ വീട്ടില്‍ വെച്ചായിരുന്നു പോലീസ് അറസ്റ്റ് ചെയ്തത്.

തൃശൂര്‍ ജില്ലയിലെ കൈപ്പമംഗലം കാളമുറിയല്‍ പ്രദേശത്ത് പ്രദേശവാസികളുടെ എതിര്‍പ്പ് അവഗണിച്ച് അളവ് നടത്തിയ ദേശീയപാത ഉദ്യോഗസ്ഥരെ ടി.എല്‍ സന്തോഷിന്റെ നേതൃത്വത്തില്‍ സമരസമിതി പ്രവര്‍ത്തകര്‍ ചൊവ്വാഴ്ച്ച തടഞ്ഞിരുന്നു.

തുടര്‍ന്ന് ബുധനാഴ്ച്ച ജാമ്യത്തിലിറങ്ങിയ ടി.എല്‍ സന്തോഷിനെ ഇന്ന് രാവിലെ വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു. സന്തോഷിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി തളിക്കുളത്ത് ഹര്‍ത്താല്‍ ആചരിച്ചിരുന്നു.

സമരത്തെ തകര്‍ക്കുന്നതിന് എല്‍.ഡി.എഫിന്റെ പേരില്‍ സി.പി.ഐ, സി.പി.ഐ.എം പാര്‍ട്ടികള്‍ കോര്‍പ്പറേറ്റുകളെ സന്തോഷിപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയണമെന്നും സമരസമിതി മുന്നറിയിപ്പ് നല്‍കി.

We use cookies to give you the best possible experience. Learn more