national news
മഹാകുംഭമേളക്കിടെയിലെ തുറസായ മലമൂത്ര വിസര്‍ജനം; യു.പി സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി എന്‍.ജി.ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 22, 01:41 pm
Saturday, 22nd February 2025, 7:11 pm

ന്യൂദല്‍ഹി: പ്രയാഗ്‌രാജില്‍ നടക്കുന്ന മഹാകുംഭമേളക്കിടയിലെ തുറസായ മലമൂത്ര വിസര്‍ജനത്തില്‍ റിപ്പോര്‍ട്ട് തേടി ദേശീയ ഹരിത ട്രൈബ്യൂണല്‍ (എന്‍.ജി.ടി). ഉത്തര്‍പ്രദേശ് സര്‍ക്കാരിനോടാണ് എന്‍.ജി.ടി റിപ്പോര്‍ട്ട് തേടിയത്.

മഹാകുംഭമേളയിലെ ടോയ്‌ലറ്റ് അസൗകര്യങ്ങളില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിലാണ് നടപടി. എന്‍.ജി.ടിയുടെ പ്രിന്‍സിപ്പല്‍ ബെഞ്ചാണ് യു.പി സര്‍ക്കാരില്‍ നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.

എന്‍.ജി.ടിയുടെ നിര്‍ദേശം അനുസരിച്ച്, ഹരജിയില്‍ അടുത്ത വാദം കേള്‍ക്കുന്നതിന് ഒരാഴ്ച മുമ്പ് യു.പി സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കുകയോ അഭിഭാഷകന്‍ മുഖേന നേരിട്ട് മറുപടി നല്‍കുകയോ വേണം.

കഴിഞ്ഞ ദിവസം കുഭമേള നടക്കുന്ന വിവിധ ഇടങ്ങളിലായുള്ള നദീജലത്തില്‍ അമിതമായ അളവില്‍ ഫീക്കല്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ച് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് ദേശീയ ഹരിത ട്രൈബ്യൂണലിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ (സി.പി.സി.ബി) കണക്കനുസരിച്ച്, വെള്ളത്തില്‍ ഫീക്കല്‍ കോളിഫോമിന്റെ അനുവദനീയമായ പരിധി 100 മില്ലി ലിറ്ററിന് 2,500 യൂണിറ്റാണ്. എന്നാല്‍ അനുവദനീയമായ അളവിലും കൂടുതലാണ് പ്രയാഗ്രാജിലെ ഫീക്കല്‍ കോളിഫോമിന്റെ അളവ്. ഉയര്‍ന്ന തോതിലുള്ള മലമൂത്ര വിസര്‍ജനം വഴിയാണ് വെള്ളത്തില്‍ ഫീക്കല്‍ കോളിഫോം ബാക്ടീരിയയുടെ അളവ് വര്‍ധിക്കുന്നത്.

എന്നാല്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രസ്തുത റിപ്പോര്‍ട്ട് തള്ളുകയായിരുന്നു. തുടര്‍ന്ന് ത്രിവേണി സംഗമത്തിലെ വെള്ളം കുളിക്കാന്‍ മാത്രമല്ല കുടിക്കാനും അനുയോജ്യമാണെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുകയും ചെയ്തു.

ത്രിവേണി സംഗമത്തിന് സമീപത്തായുള്ള മുഴുവന്‍ പൈപ്പുകളും ഡ്രെയിനേജുകളും അടച്ചിട്ടുണ്ടെന്നും ശുദ്ധീകരിച്ച ശേഷം മാത്രേ വെള്ളം തുറന്ന് വിടുകയുള്ളുവെന്നും മുഖ്യമന്ത്രി വാദിച്ചിരുന്നു.

ഇതിനിടെയാണ് നിപുന്‍ ഭൂഷണ്‍ എന്ന വ്യക്തി യു.പി സര്‍ക്കാരിനെതിരെ ഹരജി ഫയല്‍ ചെയ്യുന്നത്. പ്രയാഗ്‌രാജില്‍ അത്യാധുനികമായ ബയോ ടോയ്‌ലറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും നദീതീരങ്ങളില്‍ അസൗകര്യങ്ങളുണ്ടെന്ന് ഹരജിയില്‍ പറയുന്നു.

വാദങ്ങളെ സാധൂകരിക്കുന്ന വീഡിയോ ഫയലുകളും നിപുന്‍ ഭൂഷണ്‍ ഹരജിക്കൊപ്പം ഹാജരാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് എന്‍.ജി.ടി യു.പി സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയത്.

Content Highlight: NGT Seeks Response From UP Government On Plea Alleging Open Defecation At Maha Kumbh Mela Site