തൂത്തുക്കുടി വെടിവെപ്പ്; വേദാന്തയുടെ വിവാദ സ്‌റ്റെര്‍ലൈറ്റ് പ്ലാന്റ് വീണ്ടും തുറക്കാന്‍ കേന്ദ്ര ഹരിത ട്രൈബ്യൂണല്‍ ഉത്തരവ്
national news
തൂത്തുക്കുടി വെടിവെപ്പ്; വേദാന്തയുടെ വിവാദ സ്‌റ്റെര്‍ലൈറ്റ് പ്ലാന്റ് വീണ്ടും തുറക്കാന്‍ കേന്ദ്ര ഹരിത ട്രൈബ്യൂണല്‍ ഉത്തരവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 15th December 2018, 5:45 pm

ചെന്നൈ: വേദാന്തയുടെ തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് പ്ലാന്റ് അടച്ചു പൂട്ടാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം കേന്ദ്ര ഹരിത ട്രൈബ്യൂണല്‍ (എന്‍.ജി.ടി) റദ്ദ് ചെയ്തു. മൂന്ന് ആഴ്ചയ്ക്കുള്ളില്‍ പ്ലാന്റ് തുറക്കാനുള്ള പുതുക്കിയ ഉത്തരവ് കമ്പനിക്കു കൈമാറാന്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിനു നിര്‍ദേശം നല്‍കി. എന്നാല്‍ എന്‍.ജി.ടിയുടെ ഉത്തരവിനെ വെല്ലുവിളിച്ച് സുപ്രീം കോടതിയില്‍ ഹരജി നല്‍കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചു.

മലിനീകരണം ഉണ്ടാക്കുന്ന വേദാന്തയുടെ ചെമ്പ് ശുദ്ധീകരണ പ്ലാന്റ് ഉടന്‍ അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് സമരം ചെയ്തവര്‍ക്കെതിരെയുള്ള പൊലീസ് വെടിവെപ്പില്‍ മേയില്‍ 13 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു പ്ലാന്റ് അടിയന്തരമായി അടച്ചുപൂട്ടാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഉത്തരവിട്ടത്.

എന്നാല്‍ കമ്പനി അടച്ചു പൂട്ടുന്നതിന് തമിഴ്‌നാട് സര്‍ക്കാര്‍ കൃത്യമായ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി “വേദാന്ത” കമ്പനി നല്‍കിയ അപ്പീലിലാണ് നടപടി. സര്‍ക്കാര്‍ മതിയായ നടപടി ക്രമങ്ങള്‍ പാലിച്ചല്ല പ്ലാന്റ് അടച്ചുപൂട്ടുന്നതെന്ന് എന്‍ജിടി നിയോഗിച്ച പാനല്‍ നിരീക്ഷിച്ചു. ചെമ്പ് മാലിന്യം അപകടരമല്ലെന്നും എന്‍.ജി.ടി അഭിപ്രായപ്പെട്ടു.

പ്രദേശത്തു താമസിക്കുന്നവരുടെ ക്ഷേമത്തിനായി മൂന്നു വര്‍ഷത്തിനുള്ളില്‍ ഒരു കോടി രൂപ ചെലവഴിക്കാന്‍ കമ്പനിയോട് എന്‍.ജി.ടി നിര്‍ദേശിച്ചു. ഇതിന് മുന്നോടിയായി ഇതുവരെ വരുത്തിയ വീഴ്ചകള്‍ക്ക് പരിഹാരമായി 2.5കോടി രൂപ അടിയന്തരമായി കെട്ടിവെക്കാനും എന്‍.ജി.ടി കമ്പനിയോടാവശ്യപ്പെട്ടു.

ഇന്ത്യയുടെ ചെമ്പുല്‍പാതനത്തിന്റെ 40 ശതമാനം കൈകാര്യം ചെയ്യുന്നത് സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റ് ആണ്. വെടിവെപ്പിനെ തുടര്‍ന്ന് അന്തരാഷ്ട്ര തലത്തിലും വേദാന്തയ്‌ക്കെതിരെ ശക്തമായ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. ലണ്ടന്‍ ആസ്ഥാനമായുള്ള വേദാന്ത കമ്പനിക്കെതിരെ ലണ്ടനിലെ ഇന്ത്യന്‍ എംബസിക്കു മുന്നില്‍ പ്രക്ഷോഭങ്ങള്‍ ഉണ്ടായിരുന്നു. വേദാന്തയെ ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ച്ചേഞ്ചില്‍ നിന്നും നീക്കം ചെയ്യണമെന്ന് ലണ്ടനിലെ ലേബര്‍ പാര്‍ട്ടിയും ആവശ്യപ്പെട്ടിരുന്നു.