| Wednesday, 13th December 2017, 5:30 pm

അമര്‍നാഥ് ക്ഷേത്രത്തില്‍ ഇനി മണിമുഴക്കവും മന്ത്രോച്ചാരണവും പാടില്ല: ഹരിത ട്രിബ്യൂണല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജമ്മുകാശ്മീരിലെ അമര്‍നാഥ് ക്ഷേത്രത്തില്‍ മണിമുഴക്കുന്നതിനും മന്ത്രം ചൊല്ലുന്നതിനും ദേശീയ ഹരിത ട്രിബ്യൂണലിന്റെ വിലക്ക്. ശബ്ദമലിനീകരണം ചൂണ്ടികാട്ടിയാണ് ട്രിബ്യൂണല്‍ വിലക്കേര്‍പ്പെടുത്തി ഉത്തരവ് പുറത്തിറക്കിയത്. ജലനിരപ്പില്‍ നിന്ന് 3888 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഗുഹ ക്ഷേത്രത്തിന്റെ ഉള്ളില്‍ നിന്നും മണി അടി ശബ്ദങ്ങള്‍ മുഴങ്ങാന്‍ പാടില്ലെന്നാണ് ജസ്റ്റിസ് സ്വതന്തര്‍ കുമാര്‍ അധ്യക്ഷനായ ബെഞ്ച് ഉത്തരവ്.

ക്ഷേത്രത്തില്‍ തീര്‍ത്ഥാടകരുടെ മൊബൈല്‍ ഫോണുകളും മറ്റും സൂക്ഷിക്കുന്നതിന് പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തണമെന്നും ക്ഷേത്രത്തിലേക്കുള്ള അവസാനത്തെ ചെക്ക് പോയിന്റില്‍ ഇവ ഏല്‍പ്പിക്കണമെന്നും ട്രിബ്യൂണല്‍ നിര്‍ദേശിച്ചിട്ടുണ്ട്.

തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് സുപ്രീംകോടതി 2012 ല്‍ നിര്‍ദേശിച്ചിരുന്നു. ഇതില്‍ വീഴ്ച വരുത്തിയതിനു അമര്‍നാഥ് ക്ഷേത്ര ബോര്‍ഡിനെ ദേശീയ ഹരിത ട്രിബ്യൂണല്‍ കഴിഞ്ഞ മാസം വിമര്‍ശിച്ചിരുന്നു. കൂടാതെ ഭാരവാഹികളോട് തല്‍സ്ഥിതി റിപ്പോര്‍ട്ട് ഡിസംബര്‍ ആദ്യ വാരം സമര്‍പ്പിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മണിമുഴക്കുന്നതിനും മന്ത്രം ചൊല്ലുന്നതിനും വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

ക്ഷേത്രത്തില്‍ മന്ത്രോച്ചാരണങ്ങളോ “ജയകര” വിളികളോ ഉയരുന്നില്ല എന്ന കാര്യം കര്‍ശനമായി നടപ്പാക്കാനും ട്രിബ്യൂണല്‍ ബോര്‍ഡിന് നിര്‍ദേശം നല്‍കി. അവസാന ചെക്ക് പോയിന്റില്‍ നിന്നും ഒറ്റ വരിയായി മാത്രമേ ക്ഷേത്രത്തിന്റെ പ്രധാന കവാടത്തിലേക്ക് തീര്‍ത്ഥാടകര്‍ പ്രവേശിക്കാവൂവെന്നും ഉത്തരവ് പറയുന്നു.

കഴിഞ്ഞ മാസം സമാനമായ നിലയില്‍ വൈഷ്ണോ ദേവി ക്ഷേത്രത്തിനും ദേശീയ ഹരിത ട്രിബ്യൂണല്‍ നിര്‍ദേശം നല്‍കിയിരുന്നു.

We use cookies to give you the best possible experience. Learn more