World
ഭോപ്പാല്‍ ദുരന്തം: യു.സി.സിയും ആന്റേഴ്‌സണും ഉത്തരവാദിയല്ലെന്ന് യു.എസ് കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2012 Jun 29, 03:30 am
Friday, 29th June 2012, 9:00 am

ന്യൂയോര്‍ക്ക്: ഭോപ്പാല്‍ വാതക ദുരന്തത്തിനിരയായവര്‍ക്കു തിരിച്ചടിയായി അമേരിക്കന്‍ കോടതി വിധി. ദുരന്തത്തോടനുബന്ധിച്ചുണ്ടായ പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്ക് യൂണിയന്‍ കാര്‍ബൈഡ് കമ്പനിയോ മുന്‍ ചെയര്‍മാന്‍ വാറന്‍ ആന്റേഴ്‌സണോ ഉത്തരവാദിയല്ലെന്നാണ്‌ യു.എസ് കോടതി വിധി. ദുരന്തം നടന്നത് ഇന്ത്യയിലെ യൂണിയന്‍ കാര്‍ബൈഡ് കമ്പനിയിലാണെന്നും മാതൃസ്ഥാപനമായ അമേരിക്കന്‍ കമ്പനി അതിന് ഉത്തരവാദിയല്ലെന്നും  മാന്‍ഹട്ടന്‍ ജില്ലാ കോടതി ജഡ്ജി ജോണ്‍ കീന വ്യക്തമാക്കി.

ഭോപ്പാല്‍ പ്രദേശം മാലിന്യമുക്തമാക്കാനോ ദുരിതബാധിതര്‍ക്കു നഷ്ടപരിഹാരം നല്‍കാനോ യു.സി.സിക്കു ബാധ്യതയില്ലെന്നാണ് കോടതി വിധി.  പ്രശസ്ത സാമൂഹിക പ്രവര്‍ത്തക രചന ദിംഗ്ര നല്‍കിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.

വിഷവാതകം ചോര്‍ന്ന് പരിസ്ഥിതി നാശം സംഭവിച്ചെന്ന വാദം അംഗീകരിക്കാനാവില്ലെന്ന് കോടതി അറിയിച്ചു. ദുരന്തത്തെ തുടര്‍ന്നു വിഷവസ്തുക്കള്‍ നശിപ്പിക്കുന്നതിനു മാതൃകമ്പനിയുടെ സഹകരണം തേടിയിരുന്നു. വിഷവസ്തുക്കള്‍ ഉണ്ടാക്കിയത് യു.സി.സിക്കു വേണ്ടിയാണെന്ന് തെളിയിക്കാനായില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. ഘടക കമ്പനിയുടെ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ മാതൃകമ്പനി ഇടപെട്ടിട്ടില്ല. മാതൃകമ്പനിക്കു ഇന്ത്യന്‍ ഘടകത്തില്‍ സ്വാധീനമുള്ളതായി തെളിവില്ലെന്നും വിധിയിലുണ്ട്.  വിധിയ്‌ക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് രചന പറഞ്ഞു.

1984 ല്‍ ഉണ്ടായ വിഷവാതക ദുരന്തത്തില്‍ മൂവായിരത്തോളം പേരാണ്  കൊല്ലപ്പെട്ടത്. ആയിരങ്ങള്‍ രോഗികളായി. കാര്‍ബൈഡ് പ്ലാന്റിനു ചുറ്റുമുള്ള ഭൂമി ഉപയോഗശൂന്യമായി. പിന്നീട് കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് പ്ലാന്റ് അടച്ചുപൂട്ടി. സംഭവത്തില്‍ യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ അന്നത്തെ ചെയര്‍മാന്‍ കേശവ് മഹീന്ദ്ര അടക്കമുള്ളവര്‍ക്ക് രണ്ടു വര്‍ഷത്തെ തടവാണ് ഭോപ്പാല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് വിധിച്ചത്. വാറന്‍ ആന്‍ഡേഴ്‌സണ്‍ നിയമത്തിന്റെ വലയില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്തു.