കോപ്പൻഹേഗൻ: ഇസ്രഈലുമായി നടത്തുന്ന തുടർച്ചയായ ആയുധ വില്പനകൾ അവസാനിപ്പിക്കുവാൻ ഡെന്മാർക്കിനെതിരെ കേസ് നൽകാൻ രാജ്യത്തെ എൻ.ജി.ഒകൾ.
ഓക്സ്ഫാം ഡെന്മാർക്ക്, ആക്ഷൻ എയ്ഡ് ഡെന്മാർക്ക്, ഫലസ്തീനിയൻ മനുഷ്യാവകാശ സംഘടനയായ അൽ ഹഖ് എന്നീ സംഘടനകൾ പുറത്തുവിട്ട പ്രസ്താവനയിലാണ് ഡെന്മാർക്ക് പൊലീസിനും വിദേശകാര്യ മന്ത്രാലയത്തിനുമെതിരെ കേസ് നൽകുന്ന കാര്യം അറിയിച്ചത്.
ഇരുകൂട്ടരുമാണ് ആയുധ വില്പനക്ക് അംഗീകാരം നൽകുന്നത്.
ഗസയിലെ ഫലസ്തീനികൾക്കെതിരെ ഗുരുതരമായ കുറ്റകൃത്യങ്ങൾ നടത്തുന്നതിന് ഡെന്മാർക്കിൽ നിന്ന് കയറ്റുമതി ചെയ്ത ആയുധങ്ങൾ ഉപയോഗിക്കുന്നതിൽ സംഘടനകൾ ആശങ്ക രേഖപ്പെടുത്തി.
‘കഴിഞ്ഞ അഞ്ച് മാസമായി ഗസയിൽ വംശഹത്യ നടക്കുന്നതിനുള്ള സാധ്യതയെ കുറിച്ച് ഞങ്ങൾ സംസാരിക്കുന്നു. എന്നാൽ രാഷ്ട്രീയ നേതാക്കൾ യാതൊരു നടപടിയും സ്വീകരിക്കുന്നത് കാണുന്നില്ല,’ ആക്ഷൻ എയ്ഡ് ഡെന്മാർക്കിന്റെ ജനറൽ സെക്രട്ടറി ടിം വൈറ്റി പ്രസ്താവനയിൽ പറഞ്ഞു.
ഡാനിഷ് കമ്പനികൾ നടത്തുന്ന ആയുധ കയറ്റുമതികൾ അന്താരാഷ്ട്ര നിയമലംഘങ്ങൾക്ക് കാരണമാകുന്നില്ലെന്ന് ഉറപ്പ് വരുത്തുന്നതിനുള്ള യു.എൻ ആയുധ വ്യാപാര കരാറിലും ആയുധ കയറ്റുമതിയിലെ യൂറോപ്യൻ യൂണിയൻ നിയമങ്ങളിലും ഡെന്മാർക്ക് ഒപ്പുവെച്ചിരുന്നു.
അടുത്ത മൂന്ന് ആഴ്ചയിൽ കേസ് ഫയൽ ചെയ്യുമെന്ന് അറിയിച്ച സംഘടനകൾ ഏത് കോടതിയെയാണ് സമീപിക്കുക എന്ന് വ്യക്തമാക്കിയിട്ടില്ല.
ഇസ്രഈലിന് വില്പന നടത്തുന്ന ആയുധങ്ങൾ ഗസയിൽ അവർ ഉപയോഗിച്ചാൽ അത് അന്താരാഷ്ട്ര നിയമ ലംഘനനങ്ങൾക്ക് കാരണമാകുമെന്നും ഉടൻ നിർത്തലാക്കണമെന്നും യു.എൻ വിദഗ്ധർ കഴിഞ്ഞ മാസം അറിയിച്ചിരുന്നു.
Content Highlight: NGOs plan to sue Denmark to stop exporting arms to Israel