| Friday, 16th February 2018, 4:46 pm

മധ്യപ്രദേശില്‍ ബി.ജെ.പിക്കെതിരെ പ്രചരണം നടത്തുമെന്ന് ഭോപാല്‍ ഇരകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപാല്‍: ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന മധ്യപ്രദേശില്‍ ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരിനെതിരെ പ്രചരണം നടത്തുമെന്ന് ഭോപാല്‍ വാതക ദുരന്ത ഇരകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍.

എം.എല്‍.എമാരുടെ മരണത്തെ തുടര്‍ന്ന് മുന്‍ഗൗളി, കോലരാസ് സീറ്റുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

നഷ്ടപരിഹാരം ഉള്‍പ്പടെ ഇരകള്‍ക്ക് നല്‍കിയ ഉറപ്പുകള്‍ പാലിക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് അഞ്ച് സംഘടനകള്‍ ബി.ജെ.പിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. സര്‍ക്കാരിന്റെ വഞ്ചന സംബന്ധിച്ചുള്ള വസ്തുതകള്‍ ജനങ്ങള്‍ക്ക് മുന്നിലവതരിപ്പിച്ച് പ്രചരണം നടത്തുമെന്ന് ഭോപാല്‍ ഗ്യാസ് പീഡിത് മഹിളാ സ്റ്റേഷനെറി കര്‍മചാരി സംഘ് പ്രസിഡന്റ് റാഷിദാ ബീ പറഞ്ഞു.

മറ്റു രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ തേടുന്നതിന് പകരം ജനങ്ങളുടെ പിന്തുണയോടെ പ്രചരണം നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് ഭോപാല്‍ ഗ്രൂപ്പ് ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ആക്ഷന്‍ പ്രതിനിധി സതിനാഥ് സാംരഗി പറഞ്ഞു.

2019 ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പിലും ബി.ജെ.പിക്കെതിരെ പ്രചരണം നടത്താന്‍ സംഘടനകള്‍ ആലോചിക്കുന്നുണ്ട്.

ഭോപാല്‍ ദുരന്തം നടന്ന് 33 വര്‍ഷം പിന്നിട്ടിട്ടും നഷ്ടപരിഹാരത്തിനായും ചികിത്സ ലഭിക്കുന്നതിനായും ഇരകള്‍ ഇപ്പോഴും സമരം ചെയ്യേണ്ട അവസ്ഥയാണ്.

We use cookies to give you the best possible experience. Learn more