| Tuesday, 17th September 2019, 1:44 pm

ഫണ്ടിംഗ് നിയമത്തില്‍ ഭേദഗതി വരുത്തി മോദി സര്‍ക്കാര്‍; എന്‍.ജി.ഒ ഉദ്യോഗസ്ഥര്‍ക്ക് മേല്‍ കുരുക്ക്, വിദേശ ഫണ്ട് സ്വീകരിക്കണമെങ്കില്‍ മതപരിവര്‍ത്തനവുമായി ബന്ധമില്ലെന്ന് സാക്ഷ്യപ്പെടുത്തണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഫണ്ടിംഗ് നിയമത്തില്‍ മാറ്റം വരുത്തി കേന്ദ്രസര്‍ക്കാര്‍. വിദേശ ഫണ്ട് സ്വീകരിക്കുന്ന എന്‍.ജി.ഒ ഉദ്യാഗസ്ഥരും ജീവനക്കാരും മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട് ഒരു കേസിലും വിചാരണ ചെയ്യപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തിട്ടില്ലെന്ന് സര്‍ക്കാരിനോട് സാക്ഷ്യപ്പെടുത്തേണ്ടതുണ്ടെന്നാണ് പുതിയ ഭേദഗതി.

നേരത്തെ വിദേശ ഫണ്ട് സ്വീകരിക്കാന്‍ എന്‍.ജി.ഒയുടെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ മാത്രം ഇത്തരത്തില്‍ സാക്ഷ്യപ്പെടുത്തിയാല്‍ മതിയായിരുന്നു. എന്നാല്‍ 2011 ലെ റെഗുലേഷന്‍ ചട്ടങ്ങളില്‍ നിര്‍ണ്ണായക മാറ്റങ്ങള്‍ വരുത്തി ആഭ്യന്തര മന്ത്രാലയം തിങ്കാളാഴ്ച്ചയാണ് വിജ്ഞാപനം ഇറക്കിയത്.

പുതിയ ഭേദഗതി പ്രകാരം, ഒരു എന്‍.ജി.ഒയുടെ കീഴിലുള്ള ഭാരവാഹികളും പ്രവര്‍ത്തകരും മതപരിവര്‍ത്തനത്തിന് വിചാരണ ചെയ്യപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തിട്ടില്ലെന്ന് സാക്ഷ്യപ്പെടുത്തണം.

വിദേശഫണ്ടുകള്‍ വഴിതിരിച്ചുവിടുന്നതിലോ രാജ്യദ്രോഹം പ്രചരിപ്പിക്കുകയോ അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയോ ചെയ്യില്ലെന്ന് ഉദ്യോഗസ്ഥര്‍ പ്രതിജ്ഞ ചെയ്യുന്നതിനായി വിജ്ഞാപനം ഇറക്കുമെന്നും പുതിയ ഭേദഗതിയില്‍ വ്യക്തമാക്കി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഫണ്ടിംഗ് നിയമത്തില്‍ വരുത്തിയ മറ്റൊരു മാറ്റം വ്യക്തികള്‍ ഒരു ലക്ഷത്തില്‍ കൂടുതല്‍ തുക വ്യക്തിഗത സമ്മാനമായി നല്‍കേണ്ടിതില്ലയെന്നാണ്. നേരത്തെ ഇത് 25000 രൂപയായിരുന്നു.

അതോടൊപ്പം വിദേശ യാത്രയിലുള്ള ഒരു എന്‍.ജി.ഒ അംഗത്തിന് വിദേശ സന്ദര്‍ശനത്തിനിടയില്‍ അടിയന്തിര വൈദ്യസഹായം ആവശ്യമായി വരുന്ന സാഹചര്യത്തില്‍ ഇത് ഒരു മാസത്തിനുള്ളില്‍ സര്‍ക്കാരിനെ അറിയിക്കണം. പണത്തിന്റെ ഉറവിടം, ഇന്ത്യന്‍ രൂപയിലെ ഏകദേശ മൂല്യം, അത് ഉപയോഗിച്ചതിന്റെ ഉദ്ദേശ്യം എന്നിവ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിവരങ്ങളും ഈ അറിയിപ്പില്‍ ഉണ്ടായിരിക്കണമെന്നും നിര്‍ദേശമുണ്ട്.

നേരത്തെ ഇത് രണ്ട് മാസം കൂടുമ്പോഴായിരുന്നു ചെയ്യേണ്ടിയിരുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷമായി എന്‍.ജി.ഒകള്‍ക്ക് വിദേശ ഫണ്ട് ലഭിക്കുന്നതിനുള്ള നിയമങ്ങളും നടപടിക്രമങ്ങളും മോദി സര്‍ക്കാര്‍ കര്‍ശനമാക്കിയിട്ടുണ്ട്.

ചട്ടങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച് 18,000 ത്തോളം എന്‍.ജി.ഒകള്‍ക്ക് വിദേശ സംഭാവന ലഭിക്കാനുള്ള അനുമതിയും സര്‍ക്കാര്‍ നിഷേധിച്ചിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more