Football
'യുഗാന്ത്യം'; എയ്ഞ്ചല്‍ ഡി മരിയക്ക് ആശംസകള്‍ അറിയിച്ച് ഫുട്‌ബോള്‍ ലോകം
സ്പോര്‍ട്സ് ഡെസ്‌ക്
2023 Oct 18, 04:04 am
Wednesday, 18th October 2023, 9:34 am

2024 ലോകകപ്പിന് പിന്നാലെ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അര്‍ജന്റൈന്‍ സൂപ്പര്‍താരം എയ്ഞ്ചല്‍ ഡി മരിയ. അര്‍ജന്റൈന്‍ ഔട്‌ലെറ്റ് ആയ ടൊഡോ പാസയോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നിലവില്‍ ബെന്‍ഫിക്ക ക്ലബ്ബിന് വേണ്ടിയാണ് താരം ബൂട്ടുകെട്ടുന്നത്.

‘കോപ്പ അമേരിക്കക്ക് ശേഷം ഞാന്‍ അര്‍ജന്റീനയുടെ ദേശീയ ടീം വിടും. എന്നെ സംബന്ധിച്ച് വിരമിക്കാന്‍ സമയമായി,’ഡി മരിയ പറഞ്ഞു.

താരത്തിന് ആശംസകള്‍ അറിയിച്ച് നിരവധി ആരാധകരാണ് രംഗത്തെത്തിയിരിക്കുന്നത്. ‘ഒരു യുഗത്തിന്റെ അന്ത്യം’ എന്നാണ് ആരാധകര്‍ ഒന്നടങ്കം താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനത്തിന് ശേഷം എക്‌സില്‍ കുറിച്ചത്.

ലോകകപ്പിലടക്കം അര്‍ജന്റീനക്കായി തുടര്‍ച്ചയായ മൂന്ന് ഫൈനലുകളില്‍ ഡി മരിയ ഗോള്‍ നേടിയിരുന്നു. കഴിഞ്ഞവര്‍ഷം കോപ്പ അമേരിക്കയില്‍ ബ്രസീലിനെതിരെ വിജയഗോള്‍ കുറിക്കാന്‍ ഡി മരിയക്ക് സാധിച്ചിരുന്നു. തുടര്‍ന്ന് നടന്ന ഫൈനലിസിമ ട്രോഫിയില്‍ ഇറ്റലിക്കെതിരെയും ലക്ഷ്യംകണ്ടു. ഏറ്റവുമൊടുവില്‍ ഖത്തര്‍ ലോകകപ്പ് ഫൈനലില്‍ ഡി മരിയ ഗോള്‍ നേടിയപ്പോഴും മത്സരം ജയം കണ്ടു.

ഖത്തര്‍ ലോകകപ്പിന് ശേഷം താരം വിരമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് അദ്ദേഹം തന്നെ അത് തിരുത്തുകയായിരുന്നു.

ഈ സീസണില്‍ ക്ലബ്ബ് ഫുട്‌ബോളിലും മികച്ച പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്. ഈ വര്‍ഷമാണ് താരം യുവന്റസില്‍ നിന്ന് ബെന്‍ഫിക്കയിലേക്ക് ചേക്കേറിയത്.

2022ല്‍ ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജിയില്‍ നിന്നുമാണ് ഡി മരിയ യുവന്റസിലേക്ക് ചേക്കേറിയത്. 19 മത്സരങ്ങളില്‍ നിന്നും ഇറ്റാലിയന്‍ ക്ലബ്ബിനായി മൂന്ന് ഗോളുകളും ആറ് അസിസ്റ്റുകളുമാണ് താരത്തിന്റെ സമ്പാദ്യം. 190 കളികളില്‍ 36 ഗോളുകളും 85 അസിസ്റ്റുകളും ഡി മരിയ റയല്‍ മാഡ്രിഡിനായും നേടി.

Content Highlights: Ángel Di María tells he’s retiring from Argentina after Copa America