ജയത്തിന് പിന്നിൽ‌ മാലാഖയുടെ മാന്ത്രികത; സോഷ്യൽ മീഡിയയിൽ ചർച്ചയായി 'മരിയ മാജിക്'
2022 Qatar World Cup
ജയത്തിന് പിന്നിൽ‌ മാലാഖയുടെ മാന്ത്രികത; സോഷ്യൽ മീഡിയയിൽ ചർച്ചയായി 'മരിയ മാജിക്'
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 19th December 2022, 6:22 pm

ഖത്തറിൽ അവസാന ലോകകപ്പ് കളിക്കാനിറങ്ങിയ താരങ്ങളിലൊരാളാണ് അർജന്റീനയുടെ ഫോർവേഡ് പ്ലെയർ എയ്ഞ്ചൽ ഡി മരിയ. ഇത്തവണ പരിക്കിനെ തുടർന്ന് മുഴുവൻ മത്സരങ്ങളിലും താരത്തിന് കളിക്കാൻ സാധിച്ചിരുന്നില്ല.

സൗദി അറേബ്യക്കെതിരെ മാത്രമാണ്‌ 90 മിനിറ്റും കളിച്ചത്‌. എന്നാൽ ഫ്രാൻസിനെതിരായ അന്തിമ പോരാട്ടത്തിലെ ആദ്യ ഇലവനിൽ ഡി മരിയ ഇറങ്ങിയെന്ന് മാത്രമല്ല അർജന്റീനയുടെ രണ്ടാമത്തെ ​ഗോൾ സ്കോർ ചെയ്യാനും താരത്തിനായി.

അർജന്റീനയുടെ ഫൈനലിൽ ഡി മരിയ ഇറങ്ങുകയും ​ഗോൾ നേടുകയും ചെയ്യുമ്പോൾ സംഭവിക്കുന്ന മാന്ത്രികതയെ കുറിച്ച് ചർച്ച ചെയ്യുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ. അർജന്റീനക്കായി തുടർച്ചയായ മൂന്നാം ഫൈനലിലാണ്‌ ഡി മരിയ ഗോൾ നേടുന്നത്‌.

കഴിഞ്ഞവർഷം കോപ്പ അമേരിക്കയിൽ ബ്രസീലിനെതിരെ വിജയഗോൾ കുറിച്ചു. ഫൈനലിസിമ ട്രോഫിയിൽ ഇറ്റലിക്കെതിരെയും ലക്ഷ്യംകണ്ടു.

ഇപ്പോൾ ഖത്തറിൽ ലോകകപ്പ് ഫൈനലിൽ ഇറങ്ങി ​ഗോൾ നേടിയപ്പോഴും മത്സരം ജയം കണ്ടു. കരിയറിലെ അവസാന മത്സരത്തിനിറങ്ങിയപ്പോഴും അർജന്റീനക്കായി ഭാ​ഗ്യം കൊണ്ടുവന്ന താരത്തെ അക്ഷരംപ്രതി മാലാഖയെന്ന് വിളിക്കാമെന്നാണ് ആരാധകർ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്.

ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനൽ മത്സരത്തിൽ മുൻ ചാമ്പ്യൻമാരായ ഫ്രാൻസിനെ തകർത്താണ് അർജന്റീന ലോകകപ്പ് കിരീടം സ്വന്തമാക്കിയത്. അർജന്റീനയുടെ മൂന്നാം ലോകകിരീട നേട്ടമാണിത്.

120 മിനിട്ടുകൾ നീണ്ടുനിന്ന മത്സരത്തിൽ ഇരു ടീമും 3-3 സമനിലയിൽ എത്തിയപ്പോൾ ഫ്രാൻസിനെ പെനാൽട്ടിയിൽ 4-2ന് തകർത്താണ് മെസി അർജന്റീനയെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ചത്.

Content Highlights: Ángel Di María is CLUTCH in Argentina’s finals