മുംബൈ: പ്രതിഷേധത്തെ തുടര്‍ന്ന് മുംബൈയില്‍ സംഘടിപ്പിക്കാനിരിക്കുന്ന ഇസ്രഈല്‍ ഫിലിം ഫെസ്റ്റിവല്‍ പിന്‍വലിച്ച് നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ.
ഇസ്രഈല്‍ സിനിമകളുടെ ഫെസ്റ്റിവല്‍ സംഘടിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിനെതിരെ സംവിധായകരും, നടന്മാരും സാമൂഹ്യ-രാഷ്ട്രീയ രംഗത്തുമുള്ള നിരവധി പേര്‍ പ്രതിഷേധിച്ചതിന് പിന്നാലെയാണ് മേള പിന്‍വലിക്കാന്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ നിര്‍ബന്ധിതരായത്.
മുംബൈയിലെ നാഷണല്‍ മ്യൂസിയം ഓഫ് ഇന്ത്യന്‍ സിനിമയില്‍ (എന്‍.എം.ഐ.സി) ഓഗസ്റ്റ് 21, 22 തീയതികളിലായിരുന്നു ഫെസ്റ്റിവെല്‍ നടക്കേണ്ടിയിരുന്നത്.
എന്നാല്‍ പരിപാടിക്കെതിരെ ആയിരത്തിലധികം കലാകാരന്മാരും ആക്ടിവിസ്റ്റുകളും രാഷ്ട്രീയസാമൂഹ്യരംഗത്തുള്ളവരും കൂട്ടായ പ്രസ്താവനയിറക്കുകയും തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
ഗസയില്‍ ഇസ്രഈല്‍ നടത്തിക്കൊണ്ടിരിക്കുന്ന വംശഹത്യയെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുന്ന കൂട്ടായ്മയായ ഇന്ത്യ-ഫലസ്തീന്‍ സോളിഡാരിറ്റി ഫോറത്തിന്റെ നേതൃത്വത്തില്‍ സിഗ്‌നേച്ചര്‍ ക്യാമ്പയിനും സംഘടിപ്പിച്ചിരുന്നു.
‘ഇസ്രഈല്‍ കടുത്ത യുദ്ധക്കുറ്റങ്ങള്‍ ഗസയില്‍ നടത്തിക്കൊണ്ടിരിക്കുന്നു. ഒരു രാജ്യത്ത് വംശഹത്യയാണ് നടക്കുന്നത്. ലോകം മുഴുവന്‍
അതിന് സാക്ഷ്യം വഹിക്കുന്ന സമയത്താണ് എന്‍.എഫ്.ഡി.യുടെ നേതൃത്വത്തില്‍ ഇത്തരമൊരു മേള സംഘടിപ്പിക്കുന്നു എന്നത് ലജ്ജാവഹമാണ്’എന്നായിരുന്നു ഇന്ത്യ-ഫലസ്തീന്‍ സോളിഡാരിറ്റി ഫോറം പ്രസ്താവനയില്‍ പറഞ്ഞത്.
നടന്‍മാരായ നസിറുദ്ദീന്‍ ഷാ, രത്ന പഥക്, മുതിര്‍ന്ന മനുഷ്യാവകാശ അഭിഭാഷകന്‍ മിഹിര്‍ ദേശായി, അക്കാദമിഷ്യനായ ഇര്‍ഫാന്‍ എഞ്ചിനീയര്‍, ഡോക്യുമെന്ററി ഫിലിം മേക്കര്‍ ആനന്ദ് പട്വര്‍ധന്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ പ്രസ്താവനയില്‍ ഒപ്പുവെച്ചിരുന്നു.
മേള പിന്‍വലിക്കുന്നതായി അറിയിച്ച് എന്‍.എഫ്.ഡി.സിയും എന്‍.എം.ഐ.സിയും ഔദ്യോഗിക പ്രസ്താവനകളൊന്നും പുറപ്പെടുവിച്ചിട്ടില്ലെങ്കിലും, പരിപാടി റദ്ദാക്കിയതായെന്നുള്ള അറിയിപ്പ് ലഭിച്ചതായി സിഗ്‌നേച്ചര്‍ ക്യാമ്പെയ്നിന്റെ സംഘാടകര്‍ സ്ഥിരീകരിച്ചു.
വലിയ ഒരുക്കങ്ങള്‍ക്ക് ശേഷം ഒടുവില്‍ മേള പിന്‍വലിക്കാന്‍ അവര്‍ നിര്‍ബന്ധിതരായിരിക്കുന്നു എന്നാണ് ഇന്ത്യ പലസ്തീന്‍ സോളിഡാരിറ്റി ഫോറത്തിന് നേതൃത്വം നല്‍കുന്ന ഫിറോസ് മിതിബിരെവാല പറഞ്ഞത്.
ഫെസ്റ്റിവല്‍ നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് എന്‍.എം.ഐ.സിയിലെ ഒരു ഉദ്യോഗസ്ഥന്‍ അറബ് ന്യൂസിനോട് പ്രതികരിച്ചിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ വിശദാംശങ്ങള്‍ പറയാന്‍ അദ്ദേഹം തയ്യാറായിട്ടില്ല.
ആഗസ്റ്റ് 21,22 തീയതികളില്‍ മുംബൈയില്‍ നടക്കാനിരുന്ന ‘ഇസ്രഈല്‍ ഫിലിം ഫെസ്റ്റിവല്‍’ എന്‍.എഫ്.ഡി.സി റദ്ദാക്കിയിരിക്കുകയാണെന്ന വിവരം ഞങ്ങള്‍ സ്ഥിരീകരിച്ചു. 1000ത്തിലധിം ആളുകള്‍ ഒപ്പുവെച്ച സിഗ്നേച്ചര്‍ ക്യാമ്പെയ്ന്‍ ഫലം കണ്ടിരിക്കുന്നു. ഇങ്ങനെയൊരു മേള നടത്താനുള്ള സര്‍ക്കാരിന്റെ തീരുമാനം ഞെട്ടിപ്പിക്കുന്നതായിരുന്നു, എന്നാണ് സി.പി.ഐ.എം നേതാവും പോളിറ്റ് ബ്യൂറോ അംഗവും മുന്‍ എം.പിയുമായ സുഭാഷിണി അലി എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞത്.
‘ഇസ്രഈല്‍ ഭരണകൂടം 186,000 ഫലസ്തീനികളെ കൊലപ്പെടുത്തി, അവരില്‍ 70% കുട്ടികളും സ്ത്രീകളുമാണ്. യഥാര്‍ത്ഥ മരണസംഖ്യ ഇപ്പോള്‍ 200,000 കവിഞ്ഞിരിക്കാം. ഇതിനര്‍ത്ഥം, ഇസ്രഈല്‍ ഭരണകൂടം ഗസയിലെ 2.3 ദശലക്ഷം വരുന്ന ജനസംഖ്യയുടെ 8%ലധികം പേരെ കൊന്നൊടുക്കി എന്നാണ്. ഇത് വ്യക്തമായും ഒരു ഹോളോകോസ്റ്റാണ്, അതില്‍ കുറഞ്ഞതൊന്നുമല്ല എന്നായിരുന്നു ഇന്ത്യ-ഫലസ്തീന്‍ സോളിഡാരിറ്റി ഫോറം തങ്ങളുടെ പ്രസ്താവനയില്‍ കുറിച്ചത്.
മറ്റ് രാജ്യങ്ങളെപ്പോലെ തന്നെ ഇന്ത്യയും ഗസയിലെ വെടിനിര്‍ത്തലിനെ അനുകൂലിച്ച് വോട്ടുചെയ്യാറുണ്ട്. ഫലസ്തീന്‍ എന്ന രാജ്യത്തെ അംഗീകരിച്ചിട്ടുണ്ടെന്നും അത് മറക്കരുതെന്നും ഇവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
ഈയൊരു ഘട്ടത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഇസ്രഈല്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നത് തികച്ചും അധാര്‍മികവും മനസ്സാക്ഷിക്ക് നിരക്കാത്തതും നീതിയോടുള്ള പരിഹാസവുമാണ്,’ പ്രസ്താവനയില്‍ പറയുന്നു.
ഇസ്രഈല്‍ അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കുന്നത് വരെ അവരുടെ ഒരു സിനിമകളും നമ്മുടെ രാജ്യത്ത് പ്രദര്‍ശിപ്പിക്കരുതെന്നും സംഘടന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
NFDC Cancels Israeli Film Festival After Online Signature Campaign by Artists, Activists