| Sunday, 11th November 2018, 5:56 pm

നെയ്യാറ്റിന്‍കര സനല്‍കുമാര്‍ കൊലപാതകം; ഐ.ജി ശ്രീജിത്തിന് അന്വേഷണചുമതല

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നെയ്യാറ്റിന്‍കര സനല്‍കുമാര്‍ വധക്കേസ് ക്രൈംബ്രാഞ്ച് ഐ.ജി നേരിട്ട് അന്വേഷിക്കും. ഐ.ജി എസ്. ശ്രീജിത്തിനാണ് അന്വേഷണ ചുമതല. നേരത്തെ ഐ.ജി തലത്തിലുളള അന്വേഷണം സനലിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് സനലിന്റെ കുടുംബം നിവേദനം നല്‍കിയിരുന്നു. സനല്‍കുമാറിന്റെ മരണം അപകടമരണമാക്കാന്‍ പൊലീസ് ശ്രമിക്കുന്നുവെന്ന് ഭാര്യ വിജി ആരോപിച്ചു. കേസ് അന്വേഷണത്തിന് കോടതി മേല്‍നോട്ടം വേണമെന്നും അല്ലെങ്കില്‍ സി.ബി.ഐ അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു.

അതേസമയം സംഭവത്തില്‍ ഡി.വൈ.എസ്.പി ബി.ഹരികുമാറിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ചയാള്‍ പിടിയിലായി. തൃപ്പരപ്പിലെ അക്ഷയ ടൂറിസ്റ്റ് ഹോം മാനേജര്‍ സതീഷിനെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം ഡി.വൈ.എസ്.പി ഈ ലോഡ്ജിലെത്തിയിരുന്നു.

ALSO READ: കത്തിക്കേണ്ടത് താന്ത്രികസമുച്ചയം; ബ്രാഹ്മണന്റെ കാല് കഴുകിയ വെള്ളം കുടിക്കാന്‍ ഇനി ഞങ്ങളെ കിട്ടില്ല: സണ്ണി എം. കപിക്കാട്

തുടര്‍ന്ന് സതീഷ് ഹരികുമാറിന് വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുക്കുകയായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.

ഡി.വൈ.എസ്.പിക്ക് സതീഷ് പുതിയ രണ്ട് സിം കാര്‍ഡുകള്‍ കൈമാറിയിരുന്നു. എന്നാല്‍ 7-ാം തീയതിക്ക് ശേഷം ഈ സിം കാര്‍ഡുകള്‍ പ്രവര്‍ത്തിക്കുന്നില്ല. സതീഷന്റെ ഡ്രൈവര്‍ രമേശിനെയും കൂട്ടിയാണ് ഹരികുമാര്‍ രക്ഷപ്പെട്ടത്.

നെയ്യാറ്റിന്‍കരയില്‍ റോഡിലെ തര്‍ക്കത്തെ തുടര്‍ന്നാണ് സനലിനെ കാറിന് മുന്നിലേക്ക് പിടിച്ച് തള്ളി ഡി.വൈ.എസ്.പി കൊലപ്പെടുത്തിയത്. കൊടങ്ങാവിളയില്‍ അഞ്ചിന് രാത്രിയായിരുന്നു സംഭവം. കാവുവിള സ്വദേശിയായിരുന്നു സനല്‍കുമാര്‍.

ALSO READ: രഥയാത്ര തടഞ്ഞാല്‍ രഥചക്രം കയറ്റിക്കൊല്ലുമെന്ന് ബി.ജെ.പി.നേതാവ്

കൊടങ്ങാവിളയിലെ സുഹൃത്തിന്റെ വീട്ടിലെത്തിയ ഡി.വൈ.എസ്.പി തന്റെ വാഹനത്തിന് തടസമായി കാര്‍ പാര്‍ക്ക് ചെയ്തതില്‍ പ്രകോപിതനായി സനലിനെ മര്‍ദ്ദിക്കുകയായിരുന്നു.

വാഹനം മാറ്റിയിട്ട സനലിനെ പിന്നാലെയെത്തിയ ഡി.വൈ.എസ്.പി റോഡിലേക്ക് തള്ളിയിട്ടെന്ന് ദൃക്സാക്ഷികള്‍ ആരോപിക്കുന്നു. എതിരെ വന്ന വാഹനം സനലിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സനലിനെ ആശുപത്രിയിലെത്തിക്കാന്‍ നില്‍ക്കാതെ ഡി.വൈ.എസ്.പി സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.

സംഭവത്തില്‍ ഹരികുമാറിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more