| Wednesday, 7th November 2018, 6:01 pm

നെയ്യാറ്റിന്‍കര കൊലപാതകം; അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാന്‍ ശുപാര്‍ശ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നെയ്യാറ്റിന്‍കര കൊലപാതക കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ശുപാര്‍ശ. റൂറല്‍ എസ്.പിയാണ് ഡി.ജി.പിക്ക് ശുപാര്‍ശ നല്‍കിയത്. പ്രതി ഉന്നത ഉദ്യോഗസ്ഥനായതിനാല്‍ ക്രൈംബ്രാഞ്ച് അന്വേഷണമാണ് ഉചിതമെന്നാണ് ശുപാര്‍ശ.

അതേസമയം ഡി.വൈ.എസ്.പി ഹരികുമാറിന്റെ പാസ്‌പോര്‍ട്ട് കണ്ടെത്താന്‍ പൊലീസ് നീക്കം ശക്തമാക്കി. ഹരികുമാറിനെ കണ്ടെത്തനായി ലുക്ക് ഔട്ട് നോട്ടീസ് ഇന്ന് പുറത്തിറക്കും.

കഴിഞ്ഞ ദിവസമാണ് നെയ്യാറ്റിന്‍കരയില്‍ റോഡിലെ തര്‍ക്കത്തെ തുടര്‍ന്ന് സനലിനെ കാറിന് മുന്നിലേക്ക് പിടിച്ച് തള്ളി ഡി.വൈ.എസ്.പി കൊലപ്പെടുത്തിയത്. കൊടങ്ങാവിളയില്‍ അഞ്ചിന് രാത്രിയായിരുന്നു സംഭവം. കാവുവിള സ്വദേശി സനല്‍കുമാര്‍ (32) ആണ് കൊല്ലപ്പെട്ടത്.

ALSO READ: “വികാരം കൊണ്ട് ശരിയായ ഭക്തരെ തടയുന്നത് നിര്‍ഭാഗ്യകരം”; ശബരിമലയിലെ സംഘപരിവാര്‍ അക്രമത്തിനെതിരെ പന്തളം കൊട്ടാരം

കൊടങ്ങാവിളയിലെ സുഹൃത്തിന്റെ വീട്ടിലെത്തിയ ഡി.വൈ.എസ്.പി തന്റെ വാഹനത്തിന് തടസമായി കാര്‍ പാര്‍ക്ക് ചെയ്തതില്‍ പ്രകോപിതനായി സനലിനെ മര്‍ദ്ദിക്കുകയായിരുന്നു.

വാഹനം മാറ്റിയിട്ട സനലിനെ പിന്നാലെയെത്തിയ ഡി.വൈ.എസ്.പി റോഡിലേക്ക് തള്ളിയിട്ടെന്ന് ദൃക്‌സാക്ഷികള്‍ ആരോപിക്കുന്നു. എതിരെ വന്ന വാഹനം സനലിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സനലിനെ ആശുപത്രിയിലെത്തിക്കാന്‍ നില്‍ക്കാതെ ഡി.വൈ.എസ്.പി സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.

സംഭവത്തില്‍ ഹരികുമാറിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. എന്നാല്‍ ഇയാള്‍ ഒളിവിലാണ്.

ജീവനുണ്ടായിരുന്ന സനലിനെ ആംബുലന്‍സില്‍ പൊലീസ് നെയ്യാറ്റിന്‍കര സ്റ്റേഷനിലേക്കാണ് ആദ്യം കൊണ്ട് പോയതെന്നും നാട്ടുകാര്‍ പറയുന്നു. ഇതോടെ ഡി.വൈ.എസ്.പിക്കെതിരെ നടപടി ആവശ്യപ്പെട്ട് കൊണ്ട് നാട്ടുകാര്‍ രാത്രി റോഡ് ഉപരോധിച്ചിരുന്നു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more