തിരുവനന്തപുരം: നെയ്യാറ്റിന്‍കര സനല്‍കുമാര്‍ കൊലപാതകക്കേസിലെ സാക്ഷിയ്ക്ക് വധഭീഷണി. കൊടങ്ങാവിളയിലെ ഹോട്ടല്‍ ഉടമ മാഹിനാണ് ഭീഷണി.
ഹോട്ടലിലെത്തി ചിലര്‍ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും കച്ചവടം നിര്‍ത്തേണ്ട സ്ഥിതിയാണെന്നും മാഹിന്‍ പറയുന്നു.
“തനിക്കെന്തെങ്കിലും സംഭവിക്കുമോ എന്ന ഭയമുണ്ട്. മാനസികമായി വലിയ പ്രശ്‌നമുണ്ട്.”
താന്‍ കണ്ട കാര്യം പൊലീസിനോട് പറഞ്ഞിട്ടുണ്ടെന്നും അത് സാക്ഷിമൊഴിയായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും മാഹിന്‍ പറയുന്നു.
കടയില്‍ നില്‍ക്കാന്‍ പേടിയാണെന്നും തനിക്ക് സംരക്ഷണം വേണമെന്നും മാഹിന്‍ പറഞ്ഞു. ഡി.വൈ.എസ്.പിയ്ക്ക് അനുകൂലമായി മൊഴി മാറുകയെന്ന് ആരോപിച്ചാണ് ചിലര്‍ ഭീഷണിപ്പെടുത്തുന്നത്. എന്നാല്‍ സനല്‍കുമാറിന്റെ കേസില്‍ രൂപീകരിച്ച ആക്ഷന്‍ കൗണ്‍സില്‍ തങ്ങള്‍ക്ക് അത്തരമൊരു പരാതിയില്ലെന്ന് വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് നെയ്യാറ്റിന്‍കരയില്‍ റോഡിലെ തര്‍ക്കത്തെ തുടര്‍ന്ന് സനലിനെ കാറിന് മുന്നിലേക്ക് പിടിച്ച് തള്ളി ഡി.വൈ.എസ്.പി കൊലപ്പെടുത്തിയത്. കൊടങ്ങാവിളയില്‍ അഞ്ചിന് രാത്രിയായിരുന്നു സംഭവം. കാവുവിള സ്വദേശി സനല്‍കുമാര്‍ (32) ആണ് കൊല്ലപ്പെട്ടത്.
കൊടങ്ങാവിളയിലെ സുഹൃത്തിന്റെ വീട്ടിലെത്തിയ ഡി.വൈ.എസ്.പി തന്റെ വാഹനത്തിന് തടസമായി കാര്‍ പാര്‍ക്ക് ചെയ്തതില്‍ പ്രകോപിതനായി സനലിനെ മര്‍ദ്ദിക്കുകയായിരുന്നു.
വാഹനം മാറ്റിയിട്ട സനലിനെ പിന്നാലെയെത്തിയ ഡി.വൈ.എസ്.പി റോഡിലേക്ക് തള്ളിയിട്ടെന്ന് ദൃക്‌സാക്ഷികള്‍ ആരോപിക്കുന്നു. എതിരെ വന്ന വാഹനം സനലിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സനലിനെ ആശുപത്രിയിലെത്തിക്കാന്‍ നില്‍ക്കാതെ ഡി.വൈ.എസ്.പി സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.സംഭവത്തില്‍ ഹരികുമാറിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. എന്നാല്‍ ഇയാള്‍ ഒളിവിലാണ്.
WATCH THIS VIDEO: