ന്യൂദല്‍ഹി: നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പ് ജൂണ്‍ രണ്ടിന്. ജൂണ്‍ 15നാണ് വോട്ടെണ്ണലും ഫലപ്രഖ്യാപനം.
മെയ് 9നാണ് നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനമുണ്ടാവുക. മെയ് 16 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയ്യതി മെയ് 17 ആണ്.
സി.പി.ഐ.എമ്മില്‍ നിന്നും രാജിവെച്ച് പുറത്തുപോയ ശെല്‍വരാജാണ് നെയ്യാറ്റിന്‍കരയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. കൈപ്പത്തി ചിഹ്നത്തിലാണ് ശെല്‍വരാജ് മത്സരിക്കുക. എഫ്. ലോറന്‍സാണ് സി.പി.ഐ.എം സ്ഥാനാര്‍ത്ഥി. ഒ. രാജഗോപാലാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി.
എം.എല്‍.എയെന്ന നിലയില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടി അനുവദിക്കുന്നില്ലെന്ന് പറഞ്ഞ് സി.പി.ഐ.എമ്മിന്റെ ആര്‍. ശെല്‍വരാജ് രാജിവെച്ചതോടെയാണ് നെയ്യാറ്റിന്‍കരയില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. സി.പി.ഐ.എമ്മില്‍ നിന്നും പുറത്തുപോയ ശെല്‍വരാജ് പിന്നീട് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ഇവിടെ മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ശെല്‍വരാജിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ കോണ്‍ഗ്രസിനുള്ളിലെ ഒരു വിഭാഗത്തിന്റെ എതിര്‍പ്പ് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.
നാടാര്‍ സമുദായത്തിന് ഏറെ സ്വാധീനമുള്ള പ്രദേശമാണ് നെയ്യാറ്റിന്‍കര. എന്നാല്‍ ശെല്‍വരാജ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചാല്‍ അദ്ദേഹത്തെ പിന്തുണയ്ക്കില്ലെന്ന് നാടാര്‍ സമുദായ സംഘടനയായ വി.എസ്.ഡി.പി അറിയിച്ചിട്ടുണ്ട്. കൂടാതെ മുസ്‌ലീം ലീഗിന് അഞ്ചാം മന്ത്രി സ്ഥാനം നല്‍കിയതോടെ എന്‍.എസ്.എസും യു.ഡി.എഫിനോട് പിണങ്ങി നില്‍ക്കുകയാണ്. സാമുദായിക സംഘടനകളുടെ എതിര്‍പ്പ് നെയ്യാറ്റിന്‍കരയില്‍ യു.ഡി.എഫിന് വലിയ വെല്ലുവിളിയുയര്‍ത്തുന്നുണ്ട്. പാര്‍ട്ടിയെയും ജനങ്ങളെയും വഞ്ചിച്ചയാള്‍ എന്ന നിലയിലാണ് ശെല്‍വരാജിനെതിരെ സി.പി.ഐ.എം പ്രചരണം നടത്തുക.
Malayalam News
Kerala News in English