തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ദമ്പതികളുടെ മരണത്തില്‍ പരാതിക്കാരിയായ വസന്തയെ വീട്ടില്‍ നിന്നും പൊലീസ് മാറ്റി. ക്രമസമാധാന പ്രശ്‌നം കണക്കിലെടുത്താണ് നടപടി.
അതേസമയം, നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ മരിച്ച സംഭവം ദൗര്‍ഭാഗ്യകരമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചു. ദമ്പദികള്‍ക്കെതിരെ പരാതി നല്‍കിയ സ്ത്രീയെ കസ്റ്റഡിയില്‍ എടുക്കാന്‍ നടപടിയുണ്ടാകുമെന്നും പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്നും കടകംപള്ളി അറിയിച്ചു. തെറ്റുകാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം, മരിച്ച രാജനും കുടുംബവും ഷെഡ് കെട്ടി താമസിച്ചിരുന്ന ഭൂമി തന്റേതാണെന്നും വിട്ടുനല്‍കില്ലെന്നും അയല്‍വാസിയായ വസന്ത പറഞ്ഞു.
ഭൂമി വിട്ടുനല്‍കില്ല. തന്റേതാണെന്ന് തെളിയിക്കും.സ്ഥലം വേറെ ആര്‍ക്കെങ്കിലും എഴുതി കൊടുക്കും. ഗുണ്ടായിസം കാണിച്ചവര്‍ക്ക് ഭൂമി നല്‍കില്ലെന്നും വസന്ത പറഞ്ഞു.
നെയ്യാറ്റിന്‍കര പോങ്ങില്‍ മൂന്ന് സെന്റ് ഭൂമിയില്‍ ഷെഡ് കെട്ടി താമസിക്കുകയായിരുന്നു രാജനും ഭാര്യയും രണ്ട് ആണ്‍മക്കളുമടങ്ങുന്ന കുടുംബം. രാജന്‍ ഭൂമി കയ്യേറിയെന്നാരോപിച്ച് വസന്ത മുന്‍സിഫ് കോടതിയില്‍ കേസ് നല്‍കിയിരുന്നു. ആറ് മാസം മുന്‍പ് രാജനെതിരെ കോടതി വിധി വന്നു. ഉത്തരവ് നടപ്പാക്കാനായി കോടതിയില്‍ നിന്നുള്ള ഉദ്യോഗസ്ഥരും പൊലീസും എത്തിയപ്പോഴാണ് ആത്മഹത്യാശ്രമം. ഡിസംബര്‍ 22നാണ് സംഭവം നടന്നത്.
കഴിഞ്ഞ ജൂണില്‍ കോടതി കമ്മീഷനെ നിയോഗിച്ച് ഒഴിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അത് രാജന്‍ തടസപ്പെടുത്തിയിരുന്നു. ആത്മഹത്യാഭീഷണി മാത്രമായിരുന്നു ലക്ഷ്യമെന്നും പൊലീസിടപെട്ടതോടെയാണ് തീകൊളുത്തേണ്ടി വന്നതെന്നും രാജന്‍ മൊഴി നല്‍കിയിരുന്നു.
70 ശതമാനത്തോളം പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രാജന്റെ രണ്ട് വൃക്കകളും തകരാറിലായതോടെയാണ് തിങ്കളാഴ്ച രാവിലെയോടെ മരണപ്പെടുന്നത്. വൈകീട്ടോടെ ഭാര്യ അമ്പിളിയും മരിക്കുകയായിരുന്നു.
രാജന്റെ മൃതദേഹം പോങ്ങില്‍ ഇവര്‍ താമസിക്കുന്ന സ്ഥലത്ത് തന്നെ കഴിഞ്ഞ ദിവസം അടക്കി. മക്കള്‍ കുഴിയെടുത്താണ് അടക്കിയത്. കുഴിയെടുക്കുന്നതിനിടെ രാജന്റെ മകനോട് പൊലീസ് കയര്‍ത്തു സംസാരിക്കുന്നതിന്റെയും രഞ്ജിത്ത് മറുപടി പറയുന്നതിന്റെയും വീഡിയോ കഴിഞ്ഞ ദിവസം ഏറെ ചര്‍ച്ചയായിരുന്നു.
അതേസമയം മരിച്ച രാജന്റെയും അമ്പിളിയുടേയും മക്കളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്. കുട്ടികള്‍ക്ക് വീട് വെച്ച് നല്‍കാന്‍ അടിയന്തര നടപടിക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. മക്കളുടെ വിദ്യാഭ്യാസ ചിലവും സര്‍ക്കാര്‍ ഏറ്റെടുക്കും.
സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം എസ്.പി ബി. അശോകനാണ് അന്വേഷണച്ചുമതല. രാജനും ഭാര്യയും മരിച്ച സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റിയോ എന്നാണ് അന്വേഷിക്കുകയെന്ന് പൊലീസ് അറിയിച്ചു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Conetent Highlights: Neyyatinkara Rajan Amibili case Polece shifted vasantha