നെയ്യാറ്റിൻകര ദുരൂഹ മരണം; ഗോപൻ സ്വാമിയുടെ കല്ലറ നാളെ തുറക്കും
Kerala News
നെയ്യാറ്റിൻകര ദുരൂഹ മരണം; ഗോപൻ സ്വാമിയുടെ കല്ലറ നാളെ തുറക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Jan 15, 05:23 pm
Wednesday, 15th January 2025, 10:53 pm

നെയ്യാറ്റിൻകര: നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ കല്ലറ നാളെ പൊളിച്ചു പരിശോധിക്കും. ഹൈക്കോടതി നിർദേശത്തിന് പിന്നാലെയാണ് കല്ലറ പൊളിക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. സബ് കലക്ടറുടെ സാന്നിധ്യത്തില്‍ ആയിരിക്കും നടപടികള്‍. കല്ലറയുടെ 200 മീറ്റര്‍ പരിധിയില്‍ പൊതുജനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. കല്ലറ പൊളിച്ചു പരിശോധിക്കുന്നതിലൂടെ കേസിലെ ദുരൂഹതകള്‍ നീങ്ങും എന്ന പ്രതീക്ഷയിലാണ് പൊലീസ്.

കല്ലറ തുറക്കാൻ പൊലീസിന് അധികാരമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. നെയ്യാറ്റിന്‍കര ഗോപന്റെ മരണസര്‍ട്ടിഫിക്കറ്റ് എവിടെയെന്ന് ഹൈകോടതി ചോദിച്ചു. മരണ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അസ്വാഭാവിക മരണമായി കണക്കാക്കും എന്നും കോടതി നേരത്തെ വ്യക്തമാക്കി. കുടുംബത്തിന്റെ ഹര്‍ജിയില്‍ കോടതി സര്‍ക്കാരിന് നോട്ടീസ് അയച്ചു. ഹൈന്ദവ സംഘടനകളുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്ന് ഗോപന്‍ സ്വാമിയുടെ മകന്‍ സനന്ദന്‍ പ്രതികരിച്ചു.

കല്ലറ പൊളിക്കാനുള്ള ആര്‍.ഡി.ഒയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചിരുന്നു. വാദം തുടങ്ങിയപ്പോള്‍ തന്നെ ഗോപന്‍ സ്വാമിയുടെ മരണവുമായി ബന്ധപ്പെട്ട് സര്‍ട്ടിഫിക്കറ്റ് എവിടെ എന്നായിരുന്നു കോടതിയുടെ ചോദ്യം. മരണത്തിലെ അസ്വാഭാവികത പുറത്തുകൊണ്ടുവരാന്‍ കല്ലറ പൊളിക്കണമെന്ന് കോടതി നിരീക്ഷിച്ചു. കല്ലറ പൊളിച്ചു പരിശോധിക്കേണ്ടത് അന്വേഷണത്തിന്റെ ഭാഗമാമാണ്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് നെയ്യാറ്റിന്‍കര സ്വദേശിയായ ഗോപന്‍ സ്വാമി സമാധിയായി എന്ന് പറഞ്ഞ് ഒരു പോസ്റ്റര്‍ വീടിന് സമീപം പ്രത്യക്ഷപ്പെട്ടത്. പോസ്റ്റര്‍ പതിച്ചപ്പോഴാണ് മരണ വിവരം അയല്‍വാസികളടക്കം അറിഞ്ഞത്. തുടര്‍ന്ന് മരണത്തില്‍ ദുരൂഹത ആരോപിച്ച് അയല്‍വാസികളും നാട്ടുകാരും രംഗത്തെത്തി.

വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് അച്ഛന്‍ സമാധിയായതെന്നാണ് മക്കള്‍ പറയുന്നത്. രാവിലെ എഴുന്നേറ്റ് തന്നെ വിളിച്ച അച്ഛന്‍ ഗോപന്‍ സ്വാമി താനിന്ന് സമാധിയാകുമെന്നും താന്‍ സമാധിയായാല്‍ ചെയ്യേണ്ട കര്‍മങ്ങള്‍ എന്താണെന്നും മകനോട് മുന്‍കൂട്ടി പറഞ്ഞുകൊടുത്തിരുന്നെന്നും കുടുംബം പറയുന്നു. പിന്നാലെ സുഗന്ധദ്രവ്യങ്ങളും കോണ്‍ക്രീറ്റുമുപയോഗിച്ച് മക്കള്‍ തന്നെയാണ് അച്ഛനായി സമാധി മണ്ഡപം കെട്ടിയത്.

Content Highlight: Neyyatinkara Mysterious Death; Gopan Swamy’s grave will be opened tomorrow