ചീങ്കണ്ണികളുടെയും സിംഹങ്ങളുടെയും കാനന വിഹാരം കാണാന്‍ നെയ്യാര്‍
Travel Diary
ചീങ്കണ്ണികളുടെയും സിംഹങ്ങളുടെയും കാനന വിഹാരം കാണാന്‍ നെയ്യാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 25th March 2019, 11:50 pm

പൊന്നു ടോമി

ആദ്യം പുരാണത്തില്‍ നിന്നും തുടങ്ങാം. പണ്ട് പണ്ട്, നമ്മുടെ അഗസ്ത്യമുനി സഹ്യന്റെ മണ്ണില്‍ അധിവസിക്കും കാലം. അഗസ്ത്യന്‍ പൂജകള്‍ക്കായി നെയ്യ് ഉപയോഗിച്ചിരുന്നു. ആവശ്യം കഴിഞ്ഞ് ബാക്കിവരുന്ന നെയ്യ് ആശ്രമത്തിന് അടുത്തുള്ള ചാലിലൂടെ താഴേക്കാണ് ഒഴുകിയിരുന്നത്. ഇത് താഴെ ജീവിച്ചിരുന്ന ജനങ്ങള്‍ക്ക് വെള്ളത്തിന് ബുദ്ധിമുട്ടുണ്ടാക്കിയതോടെ മുനി എന്തുചെയ്‌തെന്നോ, നെയ്യ് വെള്ളമാക്കി മാറ്റി. അങ്ങനെ നെയ്യ് ഒഴുകിയ ആറ് നെയ്യാറായി മാറി. ഇനി കാര്യത്തിലേയ്ക്ക് വരാം.

പകുതി കേരളത്തിലും പകുതി തമിഴ് നാട്ടിലുമായി സ്ഥിതിചെയ്യുന്ന നെയ്യാറിന് വിശേഷണങ്ങള്‍ എറെയാണ്. സഹ്യസാനുക്കളുടെ ആരംഭകേന്ദ്രം, നമ്മുടെ വനസമ്പത്തിന്റെ തുടക്കം ഒക്കെ ഇവിടെ നിന്നാണെന്ന് പറയാം.

 

ഒരു വന്യജീവി സംരക്ഷണകേന്ദ്രം കൂടിയാണ് നെയ്യാര്‍. തിരുവനന്തപുരം നഗരത്തില്‍ നിന്നും ഏകദേശം 32 കിലോമീറ്റര്‍ അകലെയായി നെയ്യാര്‍ അണക്കെട്ടിന്റെ സംഭരണ മേഖലയില്‍ വ്യാപിച്ചുകിടക്കുന്ന വനഭൂമിയാണ് ഇത്.

1958-ലാണ് ഇതിനെ ഒരു വന്യജീവി സംരക്ഷണകേന്ദ്രമായി പ്രഖ്യാപിച്ചത്.ആനമുടി കഴിഞ്ഞാല്‍ പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരമുള്ള കൊടൂമുടിയായ അഗസ്ത്യകൂടം ഈ വനപ്രദേശത്ത് സ്ഥിതിചെയ്യുന്നു.

 

ലയണ്‍ സഫാരി പാര്‍ക്ക്

നെയ്യാറിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്ന ഒരു പ്രത്യേകതയാണ് ലയണ്‍ സഫാരിപാര്‍ക്ക് . കേരളത്തിലെ കൂട്ടിലല്ലാതെ സിംഹങ്ങളെ നേരിട്ട് കാണാന്‍ സാധിക്കുന്ന ഏകയിടം ഇവിടെയാണ്.

നെയ്യാര്‍ ഡാമിനാല്‍ ചുറ്റപ്പെട്ട ഒരുചെറുഡാമിലാണ് സിംഹങ്ങളെ പാര്‍പ്പിച്ചിരിക്കുന്നത്. ബോട്ട് മാര്‍ഗ്ഗം മാത്രമേ ഈ ദ്വീപിലേയ്ക്ക് എത്താന്‍ സാധിക്കൂ. ഇവിടെയെത്തിയാല്‍ ഇരുമ്പഴികളോടുകൂടിയ ഒരു ബസ് നമ്മളെ കാത്ത് കിടപ്പുണ്ടാകും. പിന്നീടുള്ള യാത്ര അതിലാണ്. കാട്ടിനുള്ളിലൂടെ യഥേഷ്ടം വിഹരിച്ചുനടക്കുന്ന സിംഹങ്ങളെ കണ്ടൊരു ഗംഭീരയാത്ര.

 

 

ചീങ്കണ്ണിവളര്‍ത്തുകേന്ദ്രം

സിംഹം കഴിഞ്ഞാല്‍ അടുത്ത താരം ചീങ്കണ്ണിയാണ്. നൂറിലധികം ചീങ്കണ്ണികളെയാണ് നെയ്യാറില്‍ പരിപാലിച്ച് പോരുന്നത്. പ്രശസ്ത മുതല വേട്ടക്കാരന്‍ സ്റ്റീവ് ഇര്‍വിന്റെ സ്മരണാര്‍ത്ഥം ആരംഭിച്ച ഈ മുതലവളര്‍ത്തുകേന്ദ്രം ഇപ്പോള്‍ അറിയപ്പെടുന്നത് അഗസ്ത്യ ചീങ്കണ്ണിപാര്‍ക്കെന്നാണ്. കൂടാതെ ഈ വന്യജീവി സങ്കേതത്തില്‍ നൂറില്‍പരം ജീവിവര്‍ഗങ്ങള്‍ വേറെയുമുണ്ട്. ആന, കടുവ, പുലി, കഴുതപ്പുലി തുടങ്ങി അനവധി കാഴ്ചാനുഭവങ്ങളാണ് നിങ്ങള്‍ക്കായി പ്രകൃതി നെയ്യാറില്‍ ഒരുക്കിയിരിക്കുന്നത്.

നെയ്യാര്‍, മുല്ലയാര്‍, കല്ലാര്‍ എന്നീ നദികളുടെ സംഗമസ്ഥാനത്താണ് നെയ്യാര്‍ ഡാം സ്ഥിതിചെയ്യുന്നത്. മാന്‍ വളര്‍ത്തല്‍ കേന്ദ്രം, ആനവളര്‍ത്തല്‍, ആനപ്പുറത്തുള്ള സഫാരി അങ്ങനെ നെയ്യാറിന്റെ ഓഫറുകള്‍ ചില ഓണ്‍ലൈന്‍ സൈറ്റുകളുടെ ദീപാവലി ഓഫര്‍ പോലെയാണ്. ഇവിടെയെത്തിയാല്‍ ബംബര്‍ അടിച്ചതുപോലെയെന്ന് ചുരുക്കം.മാനുകള്‍ക്കായും പ്രത്യേകം പാര്‍ക്ക് ഇവിടെ ഒരുക്കിയിട്ടുണ്ട്. യഥേഷ്ടം കാട്ടിലൂടെ വിഹരിക്കുന്ന മാനുകളെ നമുക്ക് അടുത്തുകാണാനും അറിയാനും സാധിക്കും,

നെയ്യാറിലെത്തിയാല്‍ മറ്റൊരു മുഖ്യാകര്‍ഷണം ട്രെക്കിംഗാണ്. ഒരാള്‍ക്ക് 400 രൂപയാണ് ട്രെക്കിംഗ് ഫിസ്. ഗൈഡിന്റെ സേവനവും ബോട്ടിംഗും ഉള്‍പ്പെടുന്നതാണ് ട്രെക്കിംഗ്. രാവിലെ 8 മണി മുതല്‍ വൈകിട്ട് 5.30വരെയാണ് ട്രെക്കിംഗ് സമയം, രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന ട്രെക്കിംഗും ഇവിടെയുണ്ട്.

തിരുവനന്തപുരം കെഎസ്ആര്‍ടിസി സ്റ്റാന്റില്‍ നിന്നും നെയ്യാര്‍ ഡാമിലേയ്ക്ക് ബസ് സര്‍വ്വീസ് ഉണ്ട്. തിരുവനന്തപുരത്ത് താമസിച്ച് നെയ്യാറിലേക്ക് പോകുന്നതാകും ഉചിതം. യാത്രയില്‍ വേണ്ട ഭക്ഷണവും വെള്ളവും കരുതുക. ഒപ്പം പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറയ്ക്കാനും ശ്രദ്ധിക്കുക.

നെയ്യാറിനെക്കുറിച്ചും അവിടെ എത്തിയാല്‍ ചെയ്യേണ്ട കാര്യങ്ങളെ ക്കുറിച്ചും അറിയാന്‍ ഈ നമ്പറില്‍ ബന്ധപ്പെടുക, നെയ്യാര്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ 8547602955

അപ്പോള്‍ എങ്ങനെ, ട്രെക്കിംഗ്,ക്യാമ്പിംഗ്, ബോട്ടിംഗ്, ആനസഫാരി അങ്ങനെ എല്ലാംകൂടി ഒറ്റ പോക്കില്‍ സാധിക്കുമെന്നറിഞ്ഞില്ലേ. ഒരിക്കലും നിരാശപ്പെടുത്തില്ലെന്ന് ഉറപ്പ് തന്ന് തലയെടുപ്പോടെ നില്‍ക്കുന്ന നെയ്യാറിലേയ്ക്ക് വണ്ടി വിടുകയല്ലേ.