[]തമിഴ്‌നാട്: കേരള രൂപീകരണത്തിന് മുമ്പുള്ള ധാരണപ്രകാരം നെയ്യാറിലെ ജലം വേണമെന്ന് തമിഴ്‌നാട്. സംസ്ഥാന പുനസംഘടന നിയമം രണ്ടാം ഉപവകുപ്പ് പ്രകാരമാണിത്. ഈ വകുപ്പ് പ്രകാരം നെയ്യാറിലെ ജലം കന്യാകുമാരിക്കും അവകാശപ്പെട്ടതാണെന്ന് തമിഴ്‌നാട് വ്യക്തമാക്കി.
തമിഴ്‌നാട് സുപ്രീം കോടതിയില്‍ മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്തു. നെയ്യാര്‍ അന്തര്‍സംസ്ഥാന നദിയാണെന്നും തമിഴ്‌നാട് സത്യാവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
നെയ്യാറിലേക്ക് ഒഴികിയെത്തുന്ന അരുവികളുടെ ഉത്ഭവം തമിഴ്‌നാട്ടില്‍ നിന്നാണ്. ജസ്റ്റീസ് ആര്‍.എം. ലോധയുടെ ബെഞ്ചാണ് തമിഴ്‌നാടിന്റെ വാദം പരിഗണിക്കുന്നത്.
എന്നാല്‍ നെയ്യാര്‍ ഡാമില്‍ നിന്നും തമിഴ്‌നാടിന് ജലം നല്‍കാനാവില്ലെന്ന് കേരളം നേരത്തെ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.
കന്യാകുമാരി ജില്ലയിലെ വിളവന്‍കോട് താലൂക്കില്‍ 9200 ഏക്കര്‍ പ്രദേശത്തെ ആവശ്യങ്ങള്‍ക്കായി നെയ്യാറില്‍ നിന്ന് വെള്ളം വിട്ടുകൊടുക്കാന്‍ കേരളത്തോട് നിര്‍ദേശിക്കണമൊവശ്യപ്പെട്ട് കഴിഞ്ഞവര്‍ഷമാണ് തമിഴ്‌നാട് ഹരജി നല്‍കിയിരുന്നത്.
കേരളം എതിര്‍സത്യവാങ്മൂലവും സമര്‍പ്പിച്ചിരുന്നു. നെയ്യാര്‍ ഡാം കേസിലെ അന്തിമവാദത്തിനു മുമ്പ് തങ്ങള്‍ക്ക് ഇടക്കാലാശ്വാസമായി ജലം വിട്ടുനല്‍കാന്‍ കേരളത്തിന് നിര്‍ദേശം നല്‍കണമെന്ന് തമിഴ്‌നാട് ആവശ്യപ്പെട്ടിരുന്നു.
2004 മുതല്‍ തങ്ങള്‍ക്ക് അവകാശപ്പെട്ട വെള്ളം കേരളം നല്‍കുന്നില്ലെന്നും അവര്‍ കുറ്റപ്പെടുത്തിയിരുന്നു.