| Saturday, 28th November 2020, 4:05 pm

നെയ്യാര്‍ എ.എസ്.ഐയുടേത് ഗുരുതര വീഴ്ച; പൊലീസ് സേനയുടെ യശസ്സിന് കളങ്കം വരുത്തിയെന്ന് റേഞ്ച് ഡി.ഐ.ജിയുടെ റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നെയ്യാര്‍ ഡാം പൊലീസ് സ്റ്റേഷനില്‍ എത്തിയ പരാതിക്കാരനെയും മകളെയും എ.എസ്.ഐ ഗോപകുമാര്‍ അധിക്ഷേപിച്ച സംഭവത്തില്‍ റേഞ്ച് ഡി.ഐ.ജി ഡി.ജി.പിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

എ.എസ്.ഐ ഗോപകുമാറിന്റെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഗോപകുമാര്‍ പൊലീസ് സേനയുടെ യശസ്സിന് കളങ്കം വരുത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

റേഞ്ച് ഡി.ഐ.ജി സഞ്ജയ് കുമാര്‍ ഗുരിദ്ദിനാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സംഭവത്തില്‍ വകുപ്പ് തല അന്വേഷണം നടത്തണമെന്നും ഉദ്യോഗസ്ഥനെ നല്ല നടപ്പ് പരിശീലനത്തിന് അയക്കണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു.

മേലുദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ഗോപകുമാര്‍ പരാതിക്കാരനായ സുദേവനെ അധിഷേധിപ്പിച്ചത്. ഇതിനാല്‍ മേലുദ്യോഗസ്ഥര്‍ക്കെതിരെ പ്രത്യേക അന്വേഷണം നടത്തുമെന്നും റിപ്പോര്‍ട്ടില്‍ റേഞ്ച് ഡി.ഐ.ജി ശുപാര്‍ശ ചെയ്തു.

സംഭവത്തില്‍ അന്വേഷണവും കൂടുതല്‍ നടപടികളും ആവശ്യപ്പെട്ട് പരാതിക്കാരനായ സുദേവന്‍ നെടുമങ്ങാട് ഡി.വൈ.എസ്.പിക്കും പരാതി നല്‍കിയിട്ടുണ്ട്. വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് നെടുമങ്ങാട് ഡി.വൈ.എസ്.പി അറിയിച്ചു.

കുടുംബപ്രശ്‌നത്തില്‍ പരാതി നല്‍കാനെത്തിയ സുദേവനെയും മകളെയും കഴിഞ്ഞ വ്യാഴാഴ്ചയാണ് നെയ്യാര്‍ ഡാം പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ ഗോപകുമാര്‍ അധിക്ഷേപിച്ചത്.

മദ്യപിച്ചാണ് എത്തിയതെന്ന് പറഞ്ഞായിരുന്നു പൊലീസിന്റെ അതിക്രമം. അച്ഛന്‍ മദ്യപിച്ചിട്ടില്ലെന്ന് പറഞ്ഞപ്പോള്‍ തന്റെ മകളേയും പൊലീസുകാരന്‍ അധിക്ഷേപിച്ചെന്ന് സുദേവന്‍ പറഞ്ഞിരുന്നു.

ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായതിന് പിന്നാലെ ഗോപകുമാറിനെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more