2026 ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ ബ്രസീലിന് വേണ്ടി സൂപ്പര്‍ താരം നെയ്മര്‍ കളിച്ചേക്കില്ല. വലത് കണങ്കാലിന് പരിക്കേറ്റതിനാല്‍ ബ്രസീലിനായി കളിക്കാന്‍ താന്‍ പൂര്‍ണ യോഗ്യനല്ലെന്ന് നെയ്മര്‍ അറിയിക്കുകയായിരുന്നു.
സെപ്റ്റംബര്‍ എട്ടിന് ബൊളീവിയക്കെതിരെയാണ് ബ്രസീലിന്റെ ആദ്യ മത്സരം. അതിനുശേഷം 13ന് പെറുവിനെയും നേരിടും. ഈ സീസണില്‍ പി.എസ്.ജിയില്‍ നിന്നും സൗദി ക്ലബ്ബ് അല്‍ ഹിലാലിലേക്ക് കൂടുമാറിയ താരം ക്ലബ്ബിന് വേണ്ടി ഇതുവരെ അരങ്ങേറ്റം കുറിച്ചിട്ടില്ല.
ഖത്തര്‍ ലോകകപ്പില്‍ ക്രൊയേഷ്യക്കെതിരെയായിരുന്നു ബ്രസീലിനായി നെയ്മര്‍ അവസാനമായി കളിച്ചത്. ലോകകപ്പിന് ശേഷം ബ്രസീലിനൊപ്പം താരത്തിന്റെ ഭാവി എന്തെന്നുള്ളത് ഒരു സംശയമായി നിലനിന്നിരുന്നു.
വിഷയത്തില്‍ താരം പ്രതികരിച്ചിരിക്കുകയാണ്. ബ്രസീലിന്റെ മഞ്ഞ കുപ്പായം ധരിക്കുന്നത് സന്തോഷത്തോടെ തുടരുമെന്നും അത് വലിയ മൂല്യത്തോടെയാണ് കാണുന്നതെന്നും നെയ്മര്‍ പറഞ്ഞു. ദേശീയ ടീമിനായി ഒരു ഗോള്‍ കൂടി നേടാനായാല്‍ ബ്രസീല്‍ ജേഴ്‌സിയില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായി മാറാന്‍ നെയ്മറിന് സാധിക്കും.
സൗദി പ്രോ ലീഗ് ഫ്രഞ്ച് ലീഗ് വണ്‍ പോലെ മികച്ചതായിരിക്കുമെന്ന് നെയ്മര്‍ പറഞ്ഞു. സൗദി പ്രോ ലീഗ് നേടുന്നത് എളുപ്പമല്ലെന്ന് തനിക്കറിയാമെന്നും മറ്റ് ടീമുകളെല്ലാം കൂടുതല്‍ ശക്തരാണെന്നും നെയ്മര്‍ പറഞ്ഞു.
‘ഞാന്‍ സുഖമായിരിക്കുന്നു. എനിക്കിപ്പോള്‍ സന്തോഷം തോന്നുന്നു, എന്നാല്‍ ഞാന്‍ 100 ശതമാനം ഫിറ്റല്ല. അല്‍ ഹിലാലിന് വേണ്ടി എന്റെ ആദ്യം മത്സരം കളിക്കാനൊരുങ്ങുകയായിരുന്നു. എന്നാല്‍ പരിശീലനത്തിനിടെ പരിക്കേറ്റതുകൊണ്ട് പുറത്ത് നില്‍ക്കേണ്ടി വന്നു,’ നെയ്മര്‍ വ്യാഴാഴ്ച നടന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Content Highlights: Neymar won’t play with Brazil due to injury