| Tuesday, 7th February 2023, 12:45 pm

ആറാം തവണയും നെയ്മറെ തേടിയെത്തി തകര്‍പ്പന്‍ റെക്കോഡ്

സ്പോര്‍ട്സ് ഡെസ്‌ക്

ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മറെ തേടി ഒരിക്കല്‍ കൂടി സാംബ ഡി ഓര്‍ പുരസ്‌കാരം. ഏറ്റവും മികച്ച ബ്രസീല്‍ താരത്തിനുള്ള പുരസ്‌കാരമാണ് ആറാം തവണയും നെയ്മര്‍ സ്വന്തമാക്കിയിരിക്കുന്നത്. സാംബ ഫൂട്ട് എന്ന വെബ്‌സൈറ്റാണ് അവാര്‍ഡ് നല്‍കുന്നത്.

2008 മുതലാണ് സാംബ ഡി ഓര്‍ നല്‍കാന്‍ ആരംഭിച്ചത്. ബ്രസീലിന് പുറത്ത് കളിക്കുന്ന താരങ്ങള്‍ക്കാണ് ഈ അവാര്‍ഡ് നല്‍കിപ്പോരുന്നത്. വോട്ടടിസ്ഥാനത്തിലാണ് വിജയിയെ പ്രഖ്യാപിക്കുക. സാംബ ഗോള്‍ഡന്‍ കപ്പ് എന്ന പേരിലും അവാര്‍ഡ് അറിയപ്പെടാറുണ്ട്.

മാധ്യമ പ്രവര്‍ത്തകരും മുന്‍ ഫുട്‌ബോള്‍ താരങ്ങളും സാംബ ഫൂട്ടിന്റെ ഓണ്‍ലൈന്‍ വായനക്കാരും ചേര്‍ന്ന് നല്‍കുന്ന വോട്ടിന്റെ അടിസ്ഥാനത്തിലാണ് വിജയിയെ തിരഞ്ഞെടുക്കുക. 2022ല്‍ പി.എസ്.ജിക്കായി മികച്ച പ്രകടനം കാഴ്ചവെച്ചതിന്റെ അടിസ്ഥാനത്തിലാണ് നെയ്മര്‍ അവാര്‍ഡിന് അര്‍ഹനായത്.

30 ബ്രസീലിയന്‍ താരങ്ങളാണ് പട്ടികയില്‍ ഇടംപിടിച്ചത്. അതില്‍ നിന്നാണ് നെയ്മര്‍ കൂടുതല്‍ വോട്ടിങ്ങിലൂടെ ഒന്നാമതാകുന്നത്. 2014, 2015, 2017, 2020, 2021 വര്‍ഷങ്ങളിലാണ് ഇതിന് മുമ്പ് നെയ്മര്‍ പുരസ്‌കാരം പേരിലാക്കിയത്. തുടര്‍ച്ചയായ മൂന്നാം തവണയാണ് നെയ്മറെ തേടി സാംബ ഗോള്‍ഡന്‍ കപ്പ് എത്തുന്നത്.

കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ എട്ട് താരങ്ങളാണ് സാംബ അവാര്‍ഡിന് അര്‍ഹനായിട്ടുള്ളത്. 2008ല്‍ ബ്രസീല്‍ ഇതിഹാസം കക്കയാണ്. കൂടാതെ ലൂയിസ് ഫാബിയാനോ, മൈക്കണ്‍, റോബര്‍ട്ടോ ഫേര്‍മിനോ, അലിസണ്‍ തുടങ്ങിയവര്‍ ഓരോ തവണയും തിയാഗോ സില്‍വ മൂന്ന് തവണയും സാംബ ഗോള്‍ഡന്‍ ട്രോഫിക്ക് അര്‍ഹരായിട്ടുണ്ട്.

Content Highlights: Neymar wins the Samba Golden Cup for the sixth time

We use cookies to give you the best possible experience. Learn more