നെയ്മര്‍ ബാഴ്‌സയിലേക്ക്? പി.എസ്.ജിയെ വിവരമറിയിച്ച് താരം; റിപ്പോര്‍ട്ട്
Football
നെയ്മര്‍ ബാഴ്‌സയിലേക്ക്? പി.എസ്.ജിയെ വിവരമറിയിച്ച് താരം; റിപ്പോര്‍ട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 8th August 2023, 3:26 pm

ബ്രസീല്‍ സൂപ്പര്‍ താരം നെയമര്‍ ജൂനിയര്‍ തന്റെ പഴയ തട്ടകമായ ബാഴ്‌സലോണയിലേക്ക് മടങ്ങുന്നുവെന്ന് സൂചന. ട്രാന്‍സ്ഫര്‍ വിന്‍ഡോ ക്ലോസ് ചെയ്യാനിരിക്കെ ക്ലബ്ബ് വിടുന്നതിനെ കുറിച്ച് താരം പി.എസ്.ജിയെ അറിയിച്ചിട്ടുണ്ടെന്ന് ടെലഗ്രാഫ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

പി.എസ്.ജിയില്‍ നെയ്മര്‍ക്ക് രണ്ട് വര്‍ഷത്തെ കരാര്‍ ബാക്കിയുണ്ട്. എന്നാല്‍ കരാര്‍ തീരുന്നത് വരെ ക്ലബ്ബില്‍ തുടരില്ലെന്നും ഈ മാസം തന്നെ ക്ലബ്ബ് വിടണമെന്നാണ് ആഗ്രഹമെന്നും നെയ്മര്‍ പി.എസ്.ജിയോട് പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. കിലിയന്‍ എംബാപ്പെ പി.എസ്.ജിയില്‍ തുടരണമെങ്കില്‍ നെയ്മറെ പുറത്താക്കണമെന്ന വ്യവസ്ഥ മുന്നോട്ട് വെച്ചിട്ടുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

തുടര്‍ന്നാണ് നെയ്മര്‍ പാരീസിയന്‍സുമായി പിരിയുന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്. ഒസ്മാന്‍ ഡെംബെലയുടെ വിടവ് നികത്താനാണ് ബ്രസീല്‍ സൂപ്പര്‍ താരത്തെ കറ്റാലന്മാര്‍ തിരികെയെത്തിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

എന്നാല്‍ നെയ്മര്‍ ബാഴ്സലോണയിലേക്ക് വരുന്നെന്ന വാര്‍ത്ത തന്നെ അത്ഭുതപ്പെടുത്തിയെന്നും അത്തരത്തില്‍ ഒരു ചര്‍ച്ച ഇതുവരെ ക്ലബ്ബില്‍ നടന്നിട്ടില്ലെന്നുമാണ് നേരത്തെ പ്രചരിച്ച അഭ്യൂഹങ്ങളോടുള്ള സാവിയുടെ പ്രതികരണം. അദ്ദേഹത്തിന്റെ വാക്കുകള്‍ ഉദ്ധരിച്ച് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

‘ഞാന്‍ ആശ്ചര്യപ്പെട്ടിരിക്കുകയാണ്. നെയ്മറെ സൈന്‍ ചെയ്യിക്കുന്ന കാര്യത്തില്‍ ബാഴ്സലോണയില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ല. ഒരു സുഹൃത്തെന്ന നിലയില്‍ എനിക്ക് വളരെ ഇഷ്ടമുള്ളയാളാണ് നെയ്മര്‍. പക്ഷെ ഞങ്ങള്‍ക്ക് വ്യത്യസ്ത മുന്‍ഗണനകളാണുള്ളത്. അവന്‍ ബാഴ്സയിലേക്ക് വരുന്നില്ല,’ സാവി പറഞ്ഞതായി റൊമാനോ ട്വീറ്റ് ചെയ്തു.

അതേസമയം, ഫെബ്രുവരിയില്‍ കണങ്കാലിനേറ്റ പരിക്കിനെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായ നെയ്മറിന് സീസണിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമായിരുന്നു.

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായതോടെ ക്ലബ്ബില്‍ വന്‍ അഴിച്ചുപണി നടത്താന്‍ തീരുമാനിച്ച പി.എസ്.ജി നെയ്മറടക്കം പലരെയും പുറത്താക്കാന്‍ പദ്ധതിയിടുകയായിരുന്നു. നെയ്മറെ സ്വന്തമാക്കാന്‍ പ്രീമിയര്‍ ലീഗ് വമ്പന്‍മാരായ ചെല്‍സി രംഗത്തുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

Content Highlights: Neymar will re join with FC Barcelona