ഖത്തര്‍ ലോകകപ്പ് ഒരുപക്ഷേ തന്റെ കരിയറിലെ അവസാനത്തെ ലോകകപ്പ് ആയിരിക്കുമെന്നാണ് ബ്രസീല്‍ സൂപ്പര്‍താരം നെയ്മര്‍ ആദ്യം പറഞ്ഞിരുന്നത്.
എന്നാല്‍ ഖത്തറില്‍ സൂപ്പര്‍താരം ലയണല്‍ മെസി വിശ്വകിരീടം ഉയര്‍ത്തിയതോടെ താരം തന്റെ നിലപാടില്‍ മാറ്റം വരുത്തിയിരുന്നു. പ്രായം ഒന്നിനും തടസമല്ലെന്നും മെസി അത് തെളിയിച്ചിരിക്കുകയാണെന്നും പറഞ്ഞ നെയ്മര്‍ അടുത്ത ലോകകപ്പില്‍ താന്‍ കളിക്കുമെന്നും പറയുകയായിരുന്നു.
കിരീട ഫേവറിറ്റുകളായി ലോകകപ്പിനിറങ്ങിയ ബ്രസീല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ക്രൊയേഷ്യയോട് ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയാണ് പുറത്തായത്. തുടര്‍ന്ന് കരഞ്ഞുകൊണ്ടായിരുന്നു നെയ്മര്‍ കളം വിട്ടത്. മത്സരത്തിന് ശേഷം താരം മാധ്യമങ്ങളോട് സംസാരിച്ചത് ഇങ്ങനെയായിരുന്നു,
‘സത്യം പറഞ്ഞാല്‍ ഇനി എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് എനിക്കറിയില്ല. അതിനെ പറ്റി സംസാരിക്കാന്‍ ഇപ്പോള്‍ ബുദ്ധിമുട്ടുണ്ട്. എനിക്കൊന്നും ഉറപ്പ് നല്‍കാന്‍ കഴിയുകയുമില്ല. അതിനെ പറ്റി ആലോചിക്കാന്‍ കുറച്ച് സമയമെടുക്കുമായിരിക്കും,’
എന്നാല്‍ ലോകകപ്പ് കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ താരം തന്റെ തീരുമാനത്തില്‍ മാറ്റമുണ്ടെന്ന് അറിയിക്കുകയായിരുന്നു.
‘തീര്‍ച്ചയായും എനിക്ക് വലിയൊരു സ്വപ്‌നമുണ്ട്. അത് ലോകകപ്പ് ജയിക്കുകയെന്നതാണ്. ലിയോ എല്ലായിപ്പോഴും ഒരു പ്രചോദനമാണ്. അദ്ദേഹം എന്നെ ഒത്തിരി സഹായിച്ചിട്ടുണ്ട്. 35ല്‍ ലോകചാമ്പ്യനാകുന്നത് വലിയ കാര്യമാണ്. ഞാന്‍ അതിനെ കുറിച്ച് ആലോചിക്കുകയാണ്,’ നെയ്മര്‍ പറഞ്ഞു.
നെയ്മര്‍ നല്‍കിയ ഏറ്റവും പുതിയ അഭിമുഖത്തില്‍ താരം ഈ വിഷയത്തെ കുറിച്ച് സംസാരിച്ചിരുന്നെന്നും അദ്ദേഹം 2026 ലോകകപ്പില്‍ കളിക്കുമെന്ന് സൂചിപ്പിക്കുകയായിരുന്നുമെന്നാണ് ഇക്കോണമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്.
ബ്രസീലിന് വേണ്ടി ഇതുവരെ കളിച്ച 124 മത്സരങ്ങളില്‍ നിന്ന് 77 ഗോളുകളാണ് നെയ്മര്‍ അക്കൗണ്ടിലാക്കിയിരിക്കുന്നത്. ഇതിഹാസ താരം പെലെയുടെ റെക്കോഡ് മറികടക്കാന്‍ ഒരു ഗോള്‍ മാത്രമാണ് മറികടക്കാനുള്ളത്.