ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജിയിൽ നിന്നും ബ്രസീലിയൻ സൂപ്പർ താരമായ നെയ്മർ ഉടൻ കൂടുമാറുമെന്ന തരത്തിൽ നിരവധി റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. ലോകകപ്പിന് ശേഷം ക്ലബ്ബിൽ തിളങ്ങാൻ സാധിക്കാതിരുന്ന നെയ്മർക്കെതിരെ വലിയ വിമർശനങ്ങളായിരുന്നു വിവിധ കോണുകളിൽ നിന്നും ഉയർന്ന് വന്നത്.
ശേഷം ലോസ്ക് ലില്ലിക്കെതിരെയുള്ള മത്സരത്തിൽ പരാജയംകൂടി സംഭവിച്ചതോടെ നെയ്മറുടെ പി.എസ്.ജിയിലെ സ്ഥിതി കൂടുതൽ വഷളാവുകയായിരുന്നു. 2017ൽ 222മില്യൺ യൂറോ മുടക്കിയായിരുന്നു നെയ്മറെ പാരിസ് ക്ലബ്ബ് ബാഴ്സലോണയിൽ നിന്നും തങ്ങളുടെ തട്ടകത്തിലെത്തിച്ചിരുന്നത്.
ശേഷം ക്ലബ്ബിന്റെ മികച്ച താരങ്ങളുടെ നിരയിലേക്ക് ഉയർന്ന് വന്ന നെയ്മർ പിന്നീട് തീർത്തും നിറം മങ്ങുകയായിരുന്നു.
എന്നാലിപ്പോൾ നെയ്മറുടെ പരിക്കിനെക്കുറിച്ചും ട്രാൻസ്ഫർ വാർത്തകളെക്കുറിച്ചുമുള്ള ചർച്ചക്കിടെ ബ്രസീലിയൻ സൂപ്പർ താരത്തെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മാധ്യമ പ്രവർത്തകനായ ഡാനിയേൽ റയോലോ.
ആർ.എം.സി സ്‌പോർട്സിൽ സംസാരിക്കവെയാണ് ഡാനിയേൽ റയോലൊ നെയ്മറെക്കുറിച്ചുള്ള തന്റെ വിമർശനങ്ങൾ തുറന്ന് പറഞ്ഞത്.
“സത്യം നമ്മൾ മനസിലാക്കണം, ഭൂരിപക്ഷം ആളുകൾക്കും നെയ്മറോട് താൽപര്യമില്ല,’ റയോലൊ പറഞ്ഞു.
“നെയ്മറെ ക്ലബ്ബ് ഇനിയും ടീമിൽ പിടിച്ചു നിർത്തേണ്ട കാര്യമുണ്ടോ? ശാരീരികക്ഷമതയില്ലായ്മയിലും, തുടർ പരിക്കുകളിലും കഷ്ടപ്പെടുന്ന നെയ്മറെ വെച്ച് എങ്ങനെയാണ് ഒരു ടീം ബിൽഡ് ചെയ്യുക,’ റയോലൊ കൂട്ടിച്ചേർത്തു.
“അദ്ദേഹം മികവോടെ തിരിച്ചുവരുമെന്ന് തന്നെ വിചാരിക്കുക, പക്ഷെ അത് കൊണ്ട് നെയ്മറെ വെച്ച് ഒരു ടീം ഉണ്ടാക്കിക്കളയാമെന്നൊന്നും നിങ്ങൾ വിചാരിക്കരുത്. കാരണം ഏത് നിമിഷവും മറ്റൊരു ക്ലബ്ബിലേക്ക് അദ്ദേഹം ചേക്കേറിയേക്കാം,’ ഡാനിയേൽ റയോലൊ പറഞ്ഞു.
അതേസമയം പി.എസ്.ജിയിൽ കരാർ അവസാനിക്കുന്ന നെയ്മറെ തങ്ങളുടെ ക്ലബ്ബിലെത്തിക്കാൻ ലണ്ടൻ ക്ലബ്ബായ ചെൽസി ശ്രമം നടത്തുന്നുണ്ടെന്ന് നേരത്തേ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
നിലവിൽ 27 മത്സരങ്ങളിൽ നിന്നും 21 വിജയങ്ങളുമായി 66 പോയിന്റോടെ ലീഗ് വണ്ണിൽ ഒന്നാം സ്ഥാനത്താണ് പി.എസ്.ജി.