പരിക്ക് വില്ലനായി; ഇന്ത്യയില്‍ പന്തുതട്ടാന്‍ നെയ്മറില്ല
ഒക്ടോബര്‍ 17ന് നടന്ന ലോകകപ്പ് യോഗ്യത മത്സരത്തില്‍ ഉറുഗ്വക്കെതിരെ നടന്ന മത്സരത്തിലായിരുന്നു നെയ്മറിന് പരിക്ക് പറ്റിയത്. മത്സരത്തില്‍ ബ്രസീല്‍ 2-0ത്തിന് പരാജയപ്പെടുകയും ചെയ്തിരുന്നു.
പരിക്കിന് പിന്നാലെ സൂപ്പര്‍ താരത്തിന്റെ ഇടതുകാല്‍ മുട്ട് പൊട്ടിയതായും നെയ്മര്‍ മാസങ്ങളോളം പുറത്തിരിക്കേണ്ടിവരുമെന്നും സൗദി ക്ലബ്ബ് അല്‍ ഹിലാല്‍ ഔദ്യോഗികമായി അറിയിച്ചു.
‘നെയ്മര്‍ മെഡിക്കല്‍ ടെസ്റ്റുകള്‍ക്ക് വിധേയനായി. അദ്ദേഹത്തിന്റെ ഇടതുകാല്‍മുട്ടിന് പൊട്ടല്‍ സംഭവിച്ചു. അദ്ദേഹം ശസ്ത്രക്രിയക്ക് തയ്യാറാവുകയാണ്. പിന്നീട് ചികിത്സനടപടികള്‍ സ്വീകരിക്കും. ശക്തനായി തിരിച്ചു വരും,’ അല്‍ ഹിലാല്‍ എക്സില്‍ കുറിച്ചു.
ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മനില്‍ നിന്നും ഈ സീസണിലാണ് ബ്രസീലിയന്‍ താരം സൗദിയിലേക്ക് ചേക്കേറിയത്. 90 മില്യണ്‍ യൂറോക്ക് ആയിരുന്നു നെയ്മറിനെ അല്‍ ഹിലാല്‍ സ്വന്തമാക്കിയത്. അല്‍ ഹിലാലിനായി അഞ്ച് മത്സരങ്ങളില്‍ നിന്നും ഒരു ഗോളും മൂന്ന് അസിസ്റ്റും താരം നേടിയിട്ടുണ്ട്.
പരിക്കോടെ ഇന്ത്യയില്‍ വെച്ച് നടക്കുന്ന മുംബൈ സിറ്റി എഫ്.സി അല്‍ ഹിലാല്‍ മത്സരത്തില്‍ സൂപ്പര്‍ താരം നെയ്മര്‍ക്ക് കളിക്കാനാവില്ല ഇത് കടുത്ത നിരാശയാണ് ആരാധകര്‍ക്ക് നല്‍കുന്നത്.
നിലവില്‍ ഒന്‍പത് മത്സരങ്ങളില്‍ നിന്നും ഏഴ് വിജയവും രണ്ട് സമനിലയുമടക്കം 23 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് അല്‍ ഹിലാല്‍.
Content Highlight: Neymar will miss the season due to injury.