കോപ്പയിലും അവനില്ല; ബ്രസീലിന് കനത്ത തിരിച്ചടി
Football
കോപ്പയിലും അവനില്ല; ബ്രസീലിന് കനത്ത തിരിച്ചടി
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 20th December 2023, 4:06 pm

2024 കോപ്പ അമേരിക്ക ടൂര്‍ണമെന്റ് ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ക്ക് നഷ്ടമാവും. കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് നെയ്മറിന് കോപ്പ അമേരിക്കയില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് ബ്രസീലിയന്‍ ഡോക്ടര്‍ റോഡ്രിഗോ ലാസ്മര്‍ അറിയിച്ചു.

‘നെയ്മറിന്റെ ഈ വാര്‍ത്ത വളരെ നേരത്തെയാണ് ഞങ്ങള്‍ അറിയിക്കുന്നത്. നെയ്മറിനെ വേഗത്തില്‍ സുഖം പ്രാപിക്കാനായുള്ള നടപടികള്‍ ഒഴിവാക്കുകയാണ് ചെയ്യേണ്ടത്. ഇത് വലിയ ഒരു റിസ്‌ക് ആയിരിക്കും അതുകൊണ്ട് തന്നെ അനാവശ്യമായി ഇത്തരത്തില്‍ അപകടസാധ്യതകള്‍ എടുക്കുന്നതില്‍ അര്‍ത്ഥമില്ല.

കളിക്കളത്തിൽ നെയ്മറിന് വലിയ ക്ഷമ ആവശ്യമാണ്. ഒമ്പത് മാസത്തിന് മുമ്പുള്ള അവന്റെ തിരിച്ചുവരവിനെ കുറിച്ച് സംസാരിക്കുന്നത് അത്ര എളുപ്പമല്ല. ഇത് നെയ്മറിന്റെ കാല്‍മുട്ട് ലിഗമെന്റ് ശസ്ത്രക്രിയ കഴിഞ്ഞിരിക്കുകയാണ്. അവന്റെ കാലിലെ ലിഗമെന്റ് പുനര്‍നിര്‍മ്മിക്കാന്‍ വളരെയധികം സമയം ആവശ്യമാണ്. അവന്‍ സുഖം പ്രാപിച്ചതിന് ശേഷം വീണ്ടും മികച്ച പ്രകടനം നടത്താന്‍ കഴിയുമെന്നാണ് എന്റെ പ്രതീക്ഷ. 2024 യൂറോപ്പിലെ ലീഗുകളുടെ പുതിയ സീസണിന്റെ തുടക്കത്തില്‍ ഓഗസ്റ്റില്‍ നെയ്മര്‍ തിരിച്ചെത്തുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്,’ റോഡ്രിഗോ ലാസ്മര്‍ ഇ. എസ്. പി. എന്നിലൂടെ പറഞ്ഞു.

2026 ലോകകപ്പ് യോഗ്യത മത്സരത്തില്‍ ഉറുഗ്വായ്‌ക്കെതിരെയുള്ള മത്സരത്തിലാണ് നെയ്മറിന് പരിക്ക് പറ്റിയത്. ഇതിനുപിന്നാലെ താരത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ഒമ്പത് മാസത്തോളം ഫുട്‌ബോളില്‍ നിന്നും ബ്രസീലിയന്‍ സൂപ്പര്‍ താരം പുറത്താവുകയായിരുന്നു.

ഈ സീസണിലാണ് നെയ്മര്‍ ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെനില്‍ നിന്നും സൗദി വമ്പന്‍മാരായ അല്‍ ഹിലാലില്‍ എത്തുന്നത്. എന്നാല്‍ സീസണ്‍ തുടക്കത്തില്‍ തന്നെ താരത്തെ നഷ്ടമായത് സൗദി വമ്പന്‍മാര്‍ക്ക് വലിയ തിരിച്ചടിയാണ് നല്‍കിയത്. താരം അല്‍ ഹിലാലിനായി ഒരു ഗോള്‍ നേടിയിരുന്നു.

അതേസമയം കോപ്പ അമേരിക്ക അടുത്തവര്‍ഷം ജൂണ്‍ 20 മുതല്‍ ജൂലൈ 14 വരെയാണ് നടക്കുക.

Content Highlight: Neymar will miss 2024 Copa America.