ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജിയില്‍ ബ്രസീല്‍ സൂപ്പര്‍താരം നെയ്മറിന്റെ ഭാവി അനിശ്ചിതത്വത്തിലാണ്. പരിക്കിനെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായ താരത്തിന് പി.എസ്.ജിയിലെ ഈ സീസണിലെ മത്സരങ്ങള്‍ നഷ്ടമാവുകയായിരുന്നു. യുവേഫ ചാമ്പ്യന്‍സ് ലീഗിലെ കന്നി കിരീടം നേടുകയെന്ന പി.എസ്.ജിയുടെ സ്വപ്‌നവും ഇതിനകം ചാരമായി.
ക്ലബ്ബില്‍ നിന്ന് വിട്ടുനിന്ന നെയ്മര്‍ സ്വന്തം നാട്ടില്‍ ഉല്ലസിക്കുകയാണെന്ന് ആരോപിച്ച് പി.എസ്.ജി ആരാധകര്‍ താരത്തിന്റെ വീടിന് മുന്നില്‍ പ്രതിഷേധിച്ചിരുന്നു. ഈ സംഭവം പി.എസ്.ജിക്ക് വലിയ തലവേദന സൃഷ്ടിക്കുകയും പാരീസിയന്‍ ക്ലബ്ബ് താരത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്തിരുന്നു. പി.എസ്.ജിയുമായുള്ള കരാര്‍ 2027 വരെ നിലനില്‍ക്കെ ഈ സീസണിന്റെ അവസാനത്തോടെ നെയ്മറെ വില്‍ക്കാന്‍ ക്ലബ്ബ് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
എന്നിരുന്നാലും നെയ്മര്‍ക്ക് പി.എസ്.ജി വിടേണ്ടി വന്നാലും താരത്തെ സ്വന്തമാക്കാന്‍ നിരവധി ക്ലബ്ബുകള്‍ രംഗത്തുണ്ടെന്നാണ് റിപ്പോര്‍ട്ടുകല്‍ വ്യക്തമാക്കുന്നത്. മുണ്ടോ ഡിപ്പോര്‍ട്ടീവോയുടെ റിപ്പോര്‍ട്ട് പ്രകാരം എഫ്.സി ബാഴ്‌സലോണ നെയ്മറെ ക്ലബ്ബില്‍ തിരികെയെത്തിക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ട്.
ലയണല്‍ മെസിയെയും നെയ്മറെയും ക്ലബ്ബിലെത്തിച്ച് തങ്ങളുടെ പ്രതാപകാലം തിരിച്ചുപിടിക്കാനാണ് ബാഴ്‌സലോണ പദ്ധതിയിടുന്നത്. എന്നാല്‍ ബാഴ്‌സയുടെ സാമ്പത്തിക പ്രതിസന്ധി നെയ്മറെയും മെസിയെയും പോലുള്ള താരങ്ങളെ സ്വന്തമാക്കുന്നതിന് വിലങ്ങുതടിയാകുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.