ലീഗ് വണ്ണില്‍ ശനിയാഴ്ച നടന്ന മത്സരത്തില്‍ പി.എസ്.ജിക്കായി ലയണല്‍ മെസി കളത്തിലിറങ്ങിയിരുന്നു. ക്ലബ്ബിന്റെ അനുമതിയില്ലാതെ രാജ്യം വിട്ടതിന് മെസിക്ക് പി.എസ്.ജിയുടെ മത്സരങ്ങളില്‍ നിന്ന് വിലക്കേര്‍പ്പെടുത്തിയിരുന്നു. രണ്ടാഴ്ചത്തേക്കായിരുന്നു താരത്തെ പി.എസ്.ജി സസ്‌പെന്‍ഡ് ചെയ്തത്. എന്നാല്‍ തന്റെ ഭാഗത്ത് നിന്നുണ്ടായ വീഴച്ചക്ക് മെസി പരസ്യമായി മാപ്പ് പറഞ്ഞതോടെ താരത്തിന്റെ വിലക്ക് പിന്‍വലിക്കുകയായിരുന്നു.
ലോറിയെന്റിന് എതിരായ മത്സരത്തിന് ശേഷം 11 ദിവസത്തെ ഇടവേള കഴിഞ്ഞാണ് മെസി കളത്തിലിറങ്ങിയത്. ശനിയാഴ്ച അജാസിയോക്കെതിരെ നടന്ന മാച്ച് കാണാന്‍ പി.എസ്.ജി സൂപ്പര്‍താരം നെയ്മറുമെത്തിയിരുന്നു. കണങ്കാലിനേറ്റ പരിക്കിനെത്തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായ നെയ്മറിന് ഈ സീസണിലെ പി.എസ്.ജിയുടെ മത്സരങ്ങള്‍ നഷ്ടമാവുകയായിരുന്നു.
എന്നിരുന്നാലും തന്റെ സഹതാരങ്ങളുടെ മത്സരം കാണാന്‍ സ്റ്റേഡിയത്തെലത്തിയ നെയ്മറുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി ശ്രദ്ധ നേടുകയാണിപ്പോള്‍. താരം മാച്ചിനിടെ വീഡിയോ കോളില്‍ ലൂയിസ് സുവാരസിനെ കണക്ട് ചെയ്തിട്ടുണ്ടായിരുന്നു. ഫോണില്‍ സുവാരസിനെ കാണിച്ചുകൊണ്ട് ‘ഞങ്ങളുടെ സുഹൃത്ത് ലിയോ മെസിയുടെ കളി കാണുകയാണ്, ഒരുമിച്ച്’ എന്ന ക്യാപ്ഷന്‍ നല്‍കി കൊണ്ടാണ് ഇന്‍സ്റ്റഗ്രാമില്‍ സ്‌റ്റോറി പങ്കുവെച്ചത്.
ബാഴ്‌സലോണയില്‍ മെസിയും നെയ്മറും സുവാരസും ഒരുമിച്ച് കളം പങ്കുവെച്ചിട്ടുണ്ട്. 2017ലായിരുന്നു നെയ്മര്‍ ബാഴ്‌സ വിട്ട് പി.എസ്.ജിയിലേക്ക് ചേക്കേറിയത്. 2021ല്‍ മെസിയും പാരീസ് ക്ലബ്ബിലേക്കെത്തുകയായിരുന്നു. സീരി എ ക്ലബ്ബായ ഗ്രെമിയോയിലാണ് നിലവില്‍ സുവാരസ് ബൂട്ടുകെട്ടുന്നത്.
അതേസമയം മത്സരത്തിന്റെ 22ാം മിനിട്ടില്‍ ഫാബിയാന്‍ റൂയിസിന്റെ ഗോളിലൂടെ പി.എസ്.ജി ലീഡെടുക്കുകയായിരുന്നു. 33ാം മിനിട്ടില്‍ അഷ്റഫ് ഹക്കീമി പാരിസിയന്‍സിന്റെ സ്‌കോര്‍ 2-0 ആക്കി ഉയര്‍ത്തി. രണ്ടാം പാദത്തിലാണ് എംബാപ്പെയുടെ ഇരട്ട ഗോള്‍ പിറക്കുന്നത്. 47, 54 മിനിട്ടുകളിലായിരുന്നു താരം പന്ത് വലയിലെത്തിച്ചത്. മത്സരത്തിന്റെ 73ാം മിനിട്ടില്‍ മുഹമ്മദ് യൂസുഫിന്റെ ഓണ്‍ ഗോളിലൂടെ പോയിന്റ് 5-0 ആയി.
ലീഗ് വണ്ണില്‍ ഇതുവരെ നടന്ന 35 മത്സരങ്ങളില്‍ നിന്ന് 81 പോയിന്റമായി പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് പി.എസ്.ജി. ആറ് പോയിന്റ് വ്യത്യാസത്തില്‍ ആര്‍.സി ലെന്‍സ് ആണ് രണ്ടാം സ്ഥാനത്ത്.
📈 @KMbappe has reached the 25 goal mark in Ligue 1 for the 4th time (after 2018/19, 2020/21 and 2021/22) and becomes the 2nd Frenchman to achieve this performance since the post-war period after Thadée Cisowski ! 🔝#PSGACApic.twitter.com/UbKN4XhZIt