ഫിഫ ലോകകപ്പ് ഫുട്ബോൾ ആരവത്തിന് ശേഷം വീണ്ടും ക്ലബ്ബ് ഫുട്ബോൾ മാമാങ്കത്തിന് അരങ്ങൊരുങ്ങുകയാണ്. നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ്, ലീഗ് വൺ മത്സരങ്ങളാണ് ആരംഭിച്ചിട്ടുള്ളത്. വെള്ളിയാഴ്ച്ചയാണ് ലാലിഗ മത്സരങ്ങൾ ആരംഭിക്കുന്നത്.
ലീഗ് വണ്ണിലെ ആവേശകരമായ മത്സരത്തിൽ വ്യാഴാഴ്ച പി.എസ്.ജി ചെറിയ ടീമായ സ്ട്രാസ്ബർഗിനെതിരെ കഷ്ടിച്ച് വിജയിച്ചിരുന്നു.
ഒന്നിനെതിരെ രണ്ട് ഗോളുകൾ നേടിയാണ് പി.എസ്.ജി മത്സരം കൈപ്പിടിയിലൊതുക്കിയത്. മത്സരം തീരാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ എംബാപ്പെ നേടിയ ഗോളിലാണ് മത്സരം പി. എസ്.ജി വിജയിച്ചത്.
എന്നാൽ മത്സരത്തിൽ ഏവരേയും ഞെട്ടിച്ച സംഭവമായിരുന്നു നെയ്മർ ചുവപ്പ്കാർഡ് കണ്ട് പുറത്തായത്.
ഒരു മിനിട്ടിനിടയിൽ രണ്ട് മഞ്ഞക്കാർഡ് വഴങ്ങേണ്ടി വന്നതാണ് നെയ്മർക്ക് വിനയായത്.
കളിയുടെ അറുപത്തിയൊന്നാം മിനിട്ടിൽ ഒരു ഫൗളിന് മഞ്ഞക്കാർഡ് ലഭിച്ച നെയ്മർ അതിനു തൊട്ട് പിന്നാലെ ബോക്‌സിലേക്ക് നടത്തിയ മുന്നേറ്റത്തിനൊടുവിൽ ഡൈവ് ചെയ്യുകയായിരുന്നു.
ഇതോടെ റഫറി അടുത്ത മഞ്ഞക്കാർഡും ചുവപ്പുകാർഡും നൽകി താരത്തെ പുറത്താക്കി. റഫറിയോട് രൂക്ഷമായി പെരുമാറികൊണ്ടാണ് നെയ്മർ മൈതാനം വിട്ടത്.
എന്നാലിപ്പോൾ വിഷയത്തിൽ നെയ്മറേ പിൻതുണച്ച് എംബാപ്പേ റഫറിയോട് വാദിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.
ബോക്സിൽ വീണ നെയ്മർ ഒന്നും മിണ്ടുകയോ , പെനാൽട്ടിക്കായി വാദിക്കുകയോ ചെയ്തിട്ടില്ലെന്നും അത് കൊണ്ട് നെയ്മറിന് നല്കപ്പെട്ട ചുവപ്പ് കാർഡ് അംഗീകരിക്കാൻ സാധിക്കില്ലെന്നുമാണ് എംബാപ്പെ റഫറിയോട് പറയുന്നത്.
“നിങ്ങൾക്ക് അവന് ചുവപ്പ് നൽകാൻ സാധിക്കില്ല. അവൻ ഒന്നും മിണ്ടിയിട്ടില്ല. പെനാൽട്ടി പോലും ചോദിച്ചിട്ടില്ല. ഇത് നീ തിയല്ല,’ എംബാപ്പെ റഫറിയോട് വാദിച്ചു.
ക്ലെമന്റ് ടുർപ്പിനാണ് മത്സരം നിയന്ത്രിച്ച റഫറി.
അതേസമയം മുമ്പ് പി.എസ്.ജിയിൽ തുടരണമെങ്കിൽ നെയ്മറേ പുറത്താക്കണമെന്ന് എംബാപ്പെ ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
കൂടാതെ ഹാരി കെയ്നെ ടീമിലെത്തിക്കാനും സിനദിൻ സിദാനെ കോച്ചായി കൊണ്ടുവരാനും കൂടി നെയ്മർ ആവശ്യപ്പെട്ടിരുന്നതായാണ് റിപ്പോർട്ടുകൾ പുറത്ത് വന്നത്.
ജനുവരി രണ്ടിന് ലെൻസുമായാണ് പി.എസ്. ജിയുടെ അടുത്ത മത്സരം. ലെൻസിനെതിരെ മെസി കളിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
Content Highlights:Neymar was treated unfairly; Mbappe support neymar