ഫിഫ ലോകകപ്പ് 2022ലെ തോല്‍വിക്ക് ശേഷം കണ്ണീരോടെയായിരുന്നു ബ്രസീല്‍ സൂപ്പര്‍താരം നെയ്മര്‍ ജൂനിയര്‍ കളം വിട്ടത്. ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയുമായി നടന്ന പോരാട്ടത്തില്‍ അപ്രതീക്ഷിത തോല്‍വി വഴങ്ങിയ കാനറികള്‍ നിരാശയോടെ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. തുടര്‍ന്ന് നെയ്മര്‍ ദേശീയ ടീമില്‍ നിന്ന് താത്കാലികമായി വിട്ടുനില്‍ക്കുകയാണെന്ന വാര്‍ത്തയും പുറത്തുവന്നിരുന്നു.
ബ്രസീലിനായി കോപ്പ അമേരിക്കയിലും ഒളിംപിക്‌സിലും കോണ്‍ഫഡറേഷന്‍ കപ്പിലുമെല്ലാം കിരീടം സമ്മാനിച്ച താരം മുമ്പ് പറഞ്ഞ വാചകങ്ങള്‍ ഒരിക്കല്‍ കൂടി ശ്രദ്ധ നേടുകയാണിപ്പോള്‍.
2026ലെ ലോകകപ്പില്‍ താന്‍ കളിക്കുമെന്നും ബ്രസീലിനായി കീരീടം നേടുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. അടുത്ത ലോകകപ്പിനിറങ്ങുമ്പോള്‍ താരത്തിന് 34 വയസാകുമെങ്കിലും അടുത്ത സുഹൃത്തായ ലയണല്‍ മെസിയാണ് തനിക്ക് പ്രചോദനമായതെന്നും അദ്ദേഹം പറഞ്ഞു.
ഖത്തര്‍ ലോകകപ്പില്‍ 77ാം ഗോള്‍ നേടിയ നെയ്മര്‍ പെലെയുടെ റെക്കോര്‍ഡിന് ഒപ്പമെത്തിയിരുന്നു. 123 മത്സരങ്ങളില്‍ നിന്നാണ് നെയ്മര്‍ ഈ നേട്ടം സ്വന്തമാക്കിയത്. പെലെ 92 മത്സരങ്ങളില്‍ നിന്നാണ് ഗോള്‍ നേട്ടം 77 തികച്ചത്. ബ്രസീലിനായി മൂന്ന് ലോകകപ്പുകളില്‍ വലകുലുക്കുന്ന മൂന്നാമത്തെ താരമായി നെയ്മര്‍ മാറി. 2014, 2018, 2022 ലോകകപ്പുകളിലാണ് നെയ്മറുടെ നേട്ടം.
പെലെയും റൊണാള്‍ഡോ നസാരിയോയുമാണ് നെയ്മറിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയ ബ്രസീലിയന്‍ താരങ്ങള്‍. പെലെ 1958, 1962, 1996, 1970 ലോകകപ്പുകളിലും റൊണാള്‍ഡോ 1998, 2002, 2006 ലോകകപ്പുകളിലും ബ്രസീലിനായി ഗോള്‍ നേടി.
അതേസമയം, നെയ്മറിന്റെ പി.എസ്.ജിയിലെ ഭാവി അനിശ്ചിതത്വത്തിലാണ്. 2025 വരെ ക്ലബ്ബുമായി നെയ്മര്‍ക്ക് കരാര്‍ ഉണ്ടെങ്കിലും താരത്തെ പുറത്താക്കാന്‍ പി.എസ്.ജി പദ്ധതിയിടുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഫെബ്രുവരിയില്‍ കണങ്കാലിനേറ്റ പരിക്കിനെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായ നെയ്മറിന് സീസണിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമായിരുന്നു.