വരാനിരിക്കുന്ന സമ്മര്‍ ട്രാന്‍സ്ഫറില്‍ തന്റെ പഴയ തട്ടകമായ ബാഴ്‌സലോണയിലേക്ക് മടങ്ങാന്‍ സൂപ്പര്‍താരം നെയ്മര്‍ താത്പര്യം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ട്. എന്നാല്‍ നിലവിലെ സാമ്പത്തിക സ്ഥിതി പരിതാപകരമായതിനാല്‍ താരത്തെ സൈന്‍ ചെയ്യിക്കാന്‍ ബ്ലൂഗ്രാനക്ക് നിര്‍വാഹമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്പാനിഷ് ന്യൂസ് ഔട്ടലെറ്റായ റെലെവോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
നെയ്മര്‍ നിലവില്‍ ബൂട്ടുകെട്ടുന്ന പി.എസ്.ജിയില്‍ 2025ലാണ് താരത്തിന്റെ കരാര്‍ അവസാനിക്കുക. എന്നാല്‍ പാരീസിയന്‍ ക്ലബ്ബില്‍ താരത്തിന്റെ ഭാവി അനിശ്ചിതത്വത്തിലാണ്. കഴിഞ്ഞ ഫെബ്രുവരിയില്‍ കണങ്കാലിനേറ്റ പരിക്ക് കാരണം നെയ്മര്‍ ശസ്ത്രക്രിയക്ക് വിധേയനാവുകയും ഈ സീസണിലെ മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു.
ക്ലബ്ബില്‍ നിന്ന് വിട്ടുനില്‍ക്കുന്ന നെയ്മര്‍ നാട്ടില്‍ പാര്‍ട്ടി ചെയ്ത് ഉല്ലസിക്കുകയാണെന്ന് ആരോപിച്ച് പി.എസ്.ജി ആരാധകര്‍ താരത്തിന്റെ വീട്ടിനുമുന്നില്‍ പ്രതിഷേധിച്ചിരുന്നു. ഇത് പി.എസ്.ജിക്ക് വലിയ തലവേദന സൃഷ്ടിക്കുകയും മാനേജ്‌മെന്റ് താരത്തിന് വേണ്ട സുരക്ഷ മാര്‍ഗങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.
ഇക്കാരണങ്ങള്‍ മുന്‍ നിര്‍ത്തിയാണ് നെയ്മര്‍ ബാഴ്‌സലോണയിലേക്ക് മടങ്ങുന്നതിനെ കുറിച്ച് ആലോചിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വിജയകരമായ നാല് വര്‍ഷം ബാഴ്‌സയില്‍ ചെലവഴിച്ചതിന് ശേഷമാണ് നെയ്മര്‍ ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജിയിലേക്ക് ചേക്കേറിയത്.
ബാഴ്‌സലോണ ലാ ലിഗ ടൈറ്റില്‍ പേരിലാക്കിയതിന് പിന്നാലെ ക്ലബ്ബിന്റെ ആഘോഷ ചടങ്ങുകളില്‍ നെയ്മറും പങ്കാളിയാവുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ബാഴ്‌സയില്‍ നിന്ന് പിരിഞ്ഞെങ്കിലും ക്ലബ്ബുമായി താരം അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ടെന്നാണ് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.
എന്നാല്‍ ബാഴ്‌സലോണയുടെ നിലവിലെ സാഹചര്യം നെയ്മറിന് പ്രതികൂലമാകാനേ സാധ്യതയുള്ളൂ എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. താരത്തിന്റെ പ്രായവും ബാഴ്‌സലോണ സൈനിങ്ങിനെ വിപരീതമായി ബാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യുവ താരങ്ങളെ ക്ലബ്ബില്‍ നിലനിര്‍ത്തുന്നതിനാണ് ബാഴ്‌സ നിലവില്‍ പ്രാധാന്യം നല്‍കുന്നത്. അതിന്റെ ഭാഗമായി ഏതാനും താരങ്ങളെ ബ്ലൂഗ്രാന വരുന്ന ട്രാന്‍സ്ഫര്‍ സീസണില്‍ റിലീസ് ചെയ്യുമെന്നും റിപ്പോര്‍ട്ടിലുണ്ട്.
നിലവില്‍ ചെല്‍സിക്ക് മാത്രമാണ് നെയ്മറെ സൈന്‍ ചെയ്യിക്കുന്നതില്‍ എന്തെങ്കിലും ചെയ്യാനാകൂ എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മൗറീഷ്യോ പോച്ചെറ്റീനോ പുതിയ പരിശീകനായി ക്ലബ്ബിലെത്തുന്നതോടെ ചെല്‍സിയില്‍ എന്തൊക്കെ അഴിച്ചുപണികള്‍ നടക്കുമെന്ന് കാത്തിരുന്ന് കാണണം.
അതേസമയം, ലയണല്‍ മെസിയെ ക്ലബ്ബില്‍ തിരിച്ചെത്തിക്കുന്ന കാര്യത്തില്‍ ബാഴ്‌സലോണ ശ്രമങ്ങള്‍ തുടരുന്നുണ്ടെങ്കിലും വിഷയത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഈ സീസണിന്റെ അവസാനം മാത്രമെ മെസി തന്റെ ക്ലബ്ബ് ട്രാന്‍സ്ഫര്‍ സംബന്ധിച്ച് അന്തിമ തീരുമാനം അറിയിക്കൂ എന്ന് അദ്ദേഹത്തിന്റെ പിതാവും ഏജന്റുമായ ജോര്‍ജ് മെസി അറിയിച്ചതായി പ്രശസ്ത ഫുട്‌ബോള്‍ ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനോ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Content Highlights: Neymar wants to rejoin with Barcelona FC