കഴിഞ്ഞ കുറച്ചുനാളായി ഫുട്‌ബോള്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ച നടക്കുന്ന കാര്യമാണ് ബ്രസീല്‍ സൂപ്പര്‍താരം നെയ്മറിന്റെ ട്രാന്‍സ്ഫര്‍. താരം പി.എസ്.ജി വിടുമെന്ന കാര്യം ഏറെക്കുറെ എല്ലാ പ്രമുഖ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ താരം എങ്ങോട്ടാണ് മാറുന്നതെന്ന് ഇതുവരെ ഉറപ്പായിട്ടില്ല.
ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം നെയ്മര്‍ ബാഴ്സലോണയിലേക്ക് തിരിച്ചു വരാന്‍ ആഗ്രഹിക്കുന്നുണ്ടെന്നെന്നാണ്. 2017ല്‍ ബാഴ്സലോണ വിട്ട് പി.എസ്.ജിയിലേക്ക് ലോകറെക്കോര്‍ഡ് ട്രാന്‍സ്ഫറില്‍ ചേക്കേറിയ നെയ്മറെ ഈ സമ്മര്‍ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ ഒഴിവാക്കാന്‍ ഫ്രഞ്ച് ക്ലബ് ശ്രമിക്കുന്നതിനിടെയാണ് നെയ്മര്‍ ബാഴ്സയിലേക്ക് തിരിച്ചെത്താന്‍ ആഗ്രഹിക്കുന്നത്.
2017 മുതല്‍ 2022 വരെ പി.എസ്.ജിക്ക് വേണ്ടി കളിച്ച നെയ്മര്‍ നിരവധി ആഭ്യന്തര കിരീടങ്ങള്‍ സ്വന്തമാക്കാന്‍ പ്രധാന പങ്കുവഹിച്ച താരമാണെങ്കിലും നിരന്തരമായ പരിക്കുകളും മോശം പെരുമാറ്റവുമെല്ലാം താരത്തിന്റെ പ്രകടനത്തിന്റെ നിറം മങ്ങാന്‍ കാരണമായിരുന്നു. കിലിയന്‍ എംബാപ്പെ വമ്പന്‍ പ്രതിഫലം വാങ്ങി പി.എസ്.ജി കരാര്‍ പുതുക്കിയതും നെയ്മറെ വില്‍ക്കുന്ന കാര്യം പി.എസ്.ജി പരിഗണിക്കാന്‍ കാരണമായി.
നെയ്മറുടെ പ്രതിഫലം വളരെ ഉയര്‍ന്നതായതിനാല്‍ പ്രീമിയര്‍ ലീഗിലെ ചുരുങ്ങിയ ക്ലബുകള്‍ മാത്രമേ നിലവില്‍ താരത്തില്‍ താല്‍പര്യം പ്രകടിപ്പിക്കുന്നുള്ളൂ. അതേസമയം റിപ്പോര്‍ട്ടുകള്‍ പ്രകാരം പ്രീമിയര്‍ ലീഗ് ട്രാന്‍സ്ഫറിനേക്കാള്‍ ബാഴ്സയിലേക്ക് തിരിച്ചു വരാനാണ് നെയ്മറിന് താല്‍പര്യം. ബാഴ്സലോണ പരിശീലകനായ സാവിക്ക് ബ്രസീലിയന്‍ താരത്തെ തിരിച്ചു കൊണ്ടുവരാന്‍ താല്‍പര്യമുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
എന്നാല്‍ നെയ്മര്‍ക്ക് ആഗ്രഹമുണ്ടെങ്കില്‍ പോലും താരത്തെ സ്വന്തമാക്കാന്‍ ബാഴ്സലോണക്ക് കഴിഞ്ഞേക്കില്ല. നിലവില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ബാഴ്സലോണക്ക് നെയ്മറുടെ ട്രാന്‍സ്ഫര്‍ ഫീസും വേതനവ്യവസ്ഥകളും ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്ന് ഉറപ്പാണ്. പി.എസ്.ജി.യുമായി ബാഴ്സക്ക് അത്ര മികച്ച ബന്ധമില്ലെന്നതും നെയ്മര്‍ ട്രാന്‍സ്ഫര്‍ ദുഷ്‌കരമാക്കും.
Content Highlights: Neymar wants to play for Barcelona