കരാര്‍ അവസാനിക്കുന്നത് വരെ തുടരില്ല, സാധ്യമെങ്കില്‍ ഈ മാസം പി.എസ്.ജി വിടുമെന്ന് നെയ്മര്‍; റിപ്പോര്‍ട്ട്
Football
കരാര്‍ അവസാനിക്കുന്നത് വരെ തുടരില്ല, സാധ്യമെങ്കില്‍ ഈ മാസം പി.എസ്.ജി വിടുമെന്ന് നെയ്മര്‍; റിപ്പോര്‍ട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 8th August 2023, 9:27 am

ഫ്രഞ്ച് വമ്പന് ക്ലബ്ബായ പി.എസ്.ജിയില്‍ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ക്ക് രണ്ട് വര്‍ഷത്തെ കരാര്‍ ബാക്കിയുണ്ട്. എന്നാല്‍ കരാര്‍ തീരുന്നത് വരെ ക്ലബ്ബില്‍ തുടരില്ലെന്നും ഈ മാസം തന്നെ ക്ലബ്ബ് വിടണമെന്നാണ് ആഗ്രഹമെന്നും നെയ്മര്‍ പി.എസ്.ജിയോട് പറഞ്ഞതായി എല്‍ എക്വിപ്പയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ പി.എസ്.ജിയില്‍ തുടരണമെങ്കില്‍ നെയ്മറെ പുറത്താക്കണമെന്ന വ്യവസ്ഥ മുന്നോട്ട് വെച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പി.എസ്.ജി വിടുന്നതോടെ നെയ്മറെ സ്വന്തമാക്കാന്‍ ചെല്‍സിയും സൗദി അറേബ്യന്‍ ക്ലബ്ബുകളും രംഗത്തുണ്ടെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ബാഴ്‌സലോണയുമായി സൈനിങ് നടത്താന്‍ താരം താത്പര്യപ്പെട്ടിരുന്നെന്നും എന്നാല്‍ പരിശീലകന്‍ സാവിക്ക് താരത്തെ റീ-സൈന്‍ ചെയ്യാന്‍ സമ്മതമല്ലെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 2017ലാണ് ബാഴ്സലോണയില്‍ നിന്ന് പി.എസ്.ജി 222 മില്യണ്‍ യൂറോയുടെ റെക്കോഡ് തുകക്ക് നെയ്മറെ തങ്ങളുടെ തട്ടകത്തിലെത്തിച്ചത്.

പി.എസ്.ജിയില്‍ മികച്ച പ്രകടനം കാഴ്ച വെച്ച് മുന്നേറിയ നെയ്മര്‍ക്ക് ലോകകപ്പിന് ശേഷം തന്റെ പഴയ മികവിലേക്ക് തിരിച്ചെത്താന്‍ സാധിച്ചിരുന്നില്ല. കഴിഞ്ഞ ഫെബ്രുവരിയില്‍ കണങ്കാലിനേറ്റ പരിക്കിനെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായ നെയ്മര്‍ക്ക് സീസണില്‍ അവശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമായിരുന്നു. തുടര്‍ന്ന് താരത്തെ ഈ സീണിന്റെ അവസാനത്തോടെ ക്ലബ്ബില്‍ നിന്ന് പുറത്താക്കാന്‍ പദ്ധതിയിട്ടിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

നെയ്മര്‍ക്ക് ഉപദേശവുമായി മുന്‍ ആഴ്‌സണല്‍ മിഡ്ഫീല്‍ഡര്‍ ഇമ്മാനുവല്‍ പെറ്റിറ്റ് രംഗത്തെത്തിയിരുന്നു. നെയ്മര്‍ക്ക് പാരീസ് സെന്റ് ഷെര്‍മാങ്ങില്‍ കടിച്ചുതൂങ്ങി നില്‍ക്കേണ്ട കാര്യമില്ലെന്നും ലയണല്‍ മെസി ചെയ്യുന്നതുപോലെ ക്ലബ്ബ് വിടണമെന്നും പെറ്റിറ്റ് പറഞ്ഞു. റോഥന്‍സ് എന്‍ഫ്‌ളാം എന്ന പരിപാടിക്കിടെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘കഴിഞ്ഞ രണ്ട് വര്‍ഷമായി നെയ്മര്‍ പി.എസ്.ജിയില്‍ പലതും സഹിക്കുന്നു. അദ്ദേഹം അവിടം വിടണം. മെസിയെ പോലെ ചെയ്യൂ. നെയ്മര്‍ക്കും പി.എസ്.ജിക്കും അതാണ് നല്ലത്. ആ കഥ അവിടെ അവസാനിക്കട്ടെ,’ പെറ്റിറ്റ് പറഞ്ഞു.

Content Highlights: Neymar wants to leave from PSG