| Wednesday, 2nd August 2017, 3:22 pm

'ഒടുവില്‍ അതിനൊരു തീരുമാനമായി'; ആരാധകരുടെ ചങ്ക് തകര്‍ത്ത് നെയ്മര്‍ക്ക് ബാഴ്‌സലേണ വിടാനുള്ള അനുമതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മാഡ്രിഡ്: കാത്തിരുന്ന വാര്‍ത്തയാണെങ്കിലും ഈ വാര്‍ത്ത ആരാധകരുടെ ചങ്കു തകര്‍ക്കും. ബാഴ്സ ആരാധകരുടെ ഹൃദയം തകര്‍ക്കുന്നതാണീ വാര്‍ത്ത. ബാഴ്‌സയുടെ ബ്രസീലിയന്‍ സൂപ്പര്‍ സ്ട്രൈക്കര്‍ നെയ്മര്‍ക്ക് ബാഴ്സലോണ വിട്ട് ഫ്രഞ്ച് ക്ലബായ പി.എസ്.ജി.യില്‍ ചേരാന്‍ അനുമതി ലഭിച്ചു. 222 ദശലക്ഷം യൂറോയ്ക്കാണ് നെയ്മറുടെ കൂടുമാറ്റം.

ആവശ്യപ്പെട്ട തുക നല്‍കാന്‍ തങ്ങള്‍ ഒരുക്കമാണെന്ന് പി.എസ്.ജിയും അറിയിച്ചുകഴിഞ്ഞിട്ടുണ്ട്. നേരത്തെ പി.എസ്.ജി.യില്‍ ചേരാന്‍ ഉറച്ചതുകൊണ്ട് ബുധനാഴ്ചത്തെ ബാഴ്സയുടെ പരിശീലനത്തില്‍ നെയ്മര്‍ പങ്കെടുത്തിരുന്നില്ല. പരിശീലനത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കോച്ച് ഏണസ്റ്റോ വാല്‍വേഡ് നെയ്മര്‍ക്ക് അനുമതി നല്‍കിയിരുന്നു.

നെയ്മര്‍ ദുബായിലേയ്ക്ക് പോകുമെന്നും അവിടെ വച്ച് പി.എസ്.ജിയുടെ വൈദ്യ പരിശോധനയ്ക്ക് വിധേയനാവുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

നെയ്മര്‍ക്ക് പകരം മാര്‍ക്കോ വെറാറ്റി, ജൂലിയന്‍ ഡ്രാക്സ്ലര്‍, എയ്ഞ്ചല്‍ ഡി മരിയ, അഡ്രിയന്‍ റാബിയോട്ട് എന്നിവരില്‍ ആരെയെങ്കിലും കൂടി ലഭിക്കണമെന്നൊരു ആവശ്യം ബാഴ്സ പി.എസ്.ജിക്ക് മുന്‍പാകെ വച്ചിട്ടുണ്ട്.

ഈ കൂടുമാറ്റം നടന്നാല്‍ നെയ്മറുടെ മൂന്നാമത്തെ ക്ലബാവും പി.എസ്.ജി. ബ്രസീലിയന്‍ ക്ലബായ സാന്റോസില്‍ കളിച്ചുതുടങ്ങിയ നെയ്മര്‍ 2013ലാണ് ബാഴ്സയില്‍ മെസ്സിക്കും സുവാരസിനുമൊപ്പം ചേരുന്നത്. ക്ലബിനുവേണ്ടി 123 മത്സരങ്ങളില്‍ നിന്ന് 68 ഗോള്‍ നേടിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more